മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന ജംഷേദ്പുര്‍ എഫ്.സി - ഹൈദരാബാദ് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍.

ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ഹൈദരാബാദിന് തിരിച്ചടിയായി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ചു നിന്നത് ഹൈദരാബാദായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം അവര്‍ക്കായിരുന്നു.

ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്റെ ഇടപെടലുകളാണ് ആദ്യ പകുതിയില്‍ ടീമിനെ രക്ഷിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ ജോയല്‍ കിയാനെസിന്റെ ഗോളെന്നുറച്ച ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി.

പിന്നാലെ 21-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ടും രഹനേഷ് രക്ഷപ്പെടുത്തി. നര്‍സാരിയുടെ ഷോട്ട് രഹനേഷിന്റെ കൈയില്‍ തട്ടി പോസ്റ്റിലിടിച്ചാണ് മടങ്ങിയത്. രണ്ടു തവണ ടീമിനെ മുന്നിലെത്തിക്കാന്‍ ലഭിച്ച അവസരം ജോയല്‍ കിയാനെസിന് മുതലാക്കാനും സാധിച്ചില്ല.

പക്ഷേ രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും സൃഷ്ടിക്കാനായില്ല. ഹൈദരാബാദ് ലിസ്റ്റന്‍ കൊളാസോയെ കളത്തിലിറക്കിയെങ്കിലും അതൊന്നും ഗോളിലേക്ക് വഴിതുറന്നില്ല. 

ഹൈദരാബാദിനായി ആകാശ് മിശ്ര, മുഹമ്മദ് യാസിര്‍, നര്‍സാരി, ജോയല്‍ കിയാനെസെ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിനില്‍ക്കേ ഇരു ടീമുകളും മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 Jamshedpur FC vs Hyderabad FC