പനാജി:  ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ അഞ്ചാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ചെന്നൈയ്ന്‍ എഫ്.സി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നെയ്ന്‍ ജംഷേദ്പുര്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വളരെ ഉയര്‍ന്ന പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. അനിരുദ്ധ് ഥാപ്പ ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

കളി തുടങ്ങി ഒരു മിനിട്ട് ആകുമ്പോഴേക്കും ചെന്നൈയിന്‍ ജംഷേദ്പുരിന് മേല്‍ ആധിപത്യം സ്ഥാപിച്ചു. 54-ാം സെക്കന്‍ഡില്‍ ഇന്ത്യന്‍ താരം അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നൈ ആദ്യ ഗോള്‍ നേടി. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. മികച്ച ടീം വര്‍ക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. ഈ സീസണിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഗോളാണ് ഥാപ്പ നേടിയത്.  ഈ സീസണിലെ ഏറ്റവും വേ​ഗതയേറിയ ​ഗോളും ഇതുതന്നെ

ഗോള്‍ വഴങ്ങിയതോടെ ജംഷേദ്പുര്‍ ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലമായി എഴാം മിനിട്ടില്‍ മികച്ച ഒരവസരം നായകന്‍ ഹാര്‍ട്‌ലിയ്ക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കിമാറ്റാനായില്ല. തൊട്ടുപിന്നാലെ ചെന്നൈയുടെ ഇസ്മയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ആശയക്കുഴപ്പം കാരണം അത് ഗോളായില്ല. 

എന്നാല്‍ 26-ാം മിനിട്ടില്‍ ചെന്നൈയ്ക്ക് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച ഇസ്മയില്‍ ഇസ്മ അതിന് പ്രായശ്ചിത്വം ചെയ്തു. ജംഷേദ്പുര്‍ ഗോളി രഹ്നേഷിനെ വിദഗ്ധമായി കബിളിപ്പിച്ച് ഇസ്മ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-0 എന്ന നിലയിലായി. മികച്ച പ്രകടനമാണ് ചെന്നൈയിന്‍ പുറത്തെടുത്തത്. ജംഷേദ്പുരിന്റെ ഗോള്‍മുഖത്ത് ചെന്നൈയിന്‍ നിരന്തരം ആക്രമം അഴിച്ചുവിട്ടു. 

ആദ്യ പകുതിയില്‍ തന്നെ നായകന്‍ ഹാര്‍ട്‌ലി പരിക്കേറ്റുപുറത്തായതോടെ ജംഷേദ്പുര്‍ പരുങ്ങലിലായി. എന്നാല്‍ 37-ാം മിനിട്ടില്‍ വാല്‍സ്‌കിസ്സിലൂടെ ടീം ചെന്നൈയ്‌ക്കെതിരെ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം വാല്‍സ്‌കിസ് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ ടീമിന് ഗോള്‍ സമ്മാനിച്ചു. 

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്. സമനില ഗോള്‍ നേടാനായി ജംഷേദ്പുര്‍ കിണഞ്ഞു പരിശ്രമിച്ചു. 57-ാം മിനിട്ടില്‍ ചെന്നൈയിന്‍ വീണ്ടും ഗോള്‍വല ചലിപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ രഹ്നേഷിനെ ഫൗള്‍ ചെയ്തതിലൂടെ ആ ഗോള്‍ അസാധുവായി. 

63-ാം മിനിട്ടില്‍ മണ്‍റോയുടെ മികച്ച ഫ്രീകിക്കില്‍ നിന്നും എസ്സെയ്ക്ക് നല്ലൊരു ഹെഡ്ഡര്‍ ലഭിച്ചെങ്കിലും അത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 67-ാം മിനിട്ടില്‍ ജാക്കി ചന്ദ് സിങ്ങിനും മികച്ച അവസരം ലഭിച്ചു. ചെന്നൈയ്ന്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നും പന്തുപിടിച്ചെടുത്ത ചാക്കിചന്ദിന്റെ ഷോട്ട് ഡിഫന്‍ഡര്‍ സിപോവിച്ച് പോസ്റ്റിന് മുന്നില്‍ നിന്നും തടുത്തൊഴിവാക്കി വലിയൊരു അപകടത്തില്‍ നിന്നും ടീമിനെ രക്ഷിച്ചു. 

71-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്‌തെയുടെ  വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ട് തട്ടിയിട്ട് രഹ്നേഷ് കൈയ്യടിനേടി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒരുപോലെ കളിച്ചതോടെ കളി ആവേശത്തിലായി. ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്. 

ജംഷേദ്പുര്‍ 4-2-3-1 എന്ന ടീം ഘടനയിലാണ് ഇന്ന് കളിക്കാനിറങ്ങിയത്. ചെന്നൈയിനും അതേ ഘടനയില്‍ തന്നെ ടീമിനെ കളത്തിലിറക്കി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 Jamshedpur FC vs Chennaiyin FC