മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. ഒരു ഗോളിന് പിന്നില്‍ പോയ ശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം.

ഇഗോള്‍ അംഗുളോയാണ് ഗോവയ്ക്കായി രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്തത്. സ്റ്റീഫന്‍ എസെയാണ് ജംഷേദ്പുരിന്റെ ഗോള്‍ നേടിയത്. 

മത്സരത്തിന്റെ തുടക്കത്തില്‍ പുലര്‍ത്തിയ ആധിപത്യം ജംഷേദ്പുര്‍ പിന്നീട് കളഞ്ഞുകുളിക്കുകയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 33-ാം മിനിറ്റില്‍ പ്രതിരോധ നിര താരം സ്റ്റീഫന്‍ എസെയാണ് ജംഷേദ്പുരിനായി ഗോള്‍ നേടിയത്. എയ്റ്റര്‍ മോണ്‍റോയിയെടുത്ത ഫ്രീ കിക്ക് എസെ ബാക്ക് ഹീല്‍ കൊണ്ട് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഉടനീളം പന്തടക്കത്തില്‍ ആധിപത്യം ഗോവയ്ക്കായിരുന്നു. പക്ഷേ അവരുടെ മികച്ച മുന്നേറ്റങ്ങളില്‍ പലപ്പോഴും വിലങ്ങുതടിയായത് എസെയും പീറ്റര്‍ ഹാര്‍ട്ട്‌ലിയുമായിരുന്നു. 

ഗോവയുടെ മുന്നേറ്റങ്ങളെല്ലാം തന്നെ ഇരുവരും ചേര്‍ന്ന് തടയുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ നേടണമെന്ന് ഉറപ്പിച്ച് കളത്തിലിറങ്ങിയ ഗോവന്‍ ടീമിനെയാണ് കണ്ടത്. മികച്ച ആക്രമണങ്ങളുമായി അവര്‍ ജംഷേദ്പുര്‍ പ്രതിരോധത്തെ വിറപ്പിച്ചു. 64-ാം മിനിറ്റില്‍ ഗോവയുടെ സമനില ഗോള്‍ വന്നു.

പന്തുമായി മുന്നേറിയ ജെയിംസ് ഡൊണാക്കിയെ അലക്‌സാണ്‍ഡ്രെ ലിമ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഇഗോള്‍ അംഗുളോ വലയിലെത്തിച്ചു. 

ഈ ഗോളിന് ശേഷം പിന്നീട് ഗോവയുടെ ആക്രമണങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. ഇതിനിടെ ജംഷേദ്പുരിനെ നിര്‍ഭാഗ്യവും വേട്ടയാടി. 87-ാം മിനിറ്റില്‍ വാല്‍സ്‌കിസിന്റെ പാസില്‍ നിന്നുള്ള ലിമയുടെ ഷോട്ട് ബാറിലിടിച്ച് വലയ്ക്കുള്ളില്‍ കടന്നെങ്കിലും ലൈന്‍ റഫറിയില്‍ നിന്ന് യാതൊരു സിഗ്‌നലും വരാതിരുന്നതിനാല്‍ ഗോള്‍ അനുവദിച്ചില്ല. 

ഒടുവില്‍ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എഡു ബേഡിയയുടെ കോര്‍ണറില്‍ നിന്ന് അംഗുളോ ഗോവയുടെ വിജയ ഗോള്‍ നേടി. ബേഡിയയുടെ കോര്‍ണറില്‍ നിന്നെത്തിയ പന്ത് അംഗുളോയുടെ തലയ്ക്ക് പിന്നില്‍ തട്ടി വലയിലെത്തുകയായിരുന്നു. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

 

Content Highlights: ISL 2020-21 Jamshedpur FC takes on FC Goa