മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ നാണംകെട്ട തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 

ഹൈദരാബാദിനായി ഫ്രാന്‍ സന്റാസ ഇരട്ട ഗോളുകളുമായി തിളങ്ങി. കാര്യമായ ഗോളവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ പിഴവിലൂടെ ഗോള്‍ വഴങ്ങുകയായിരുന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ ഫ്രാന്‍ സന്റാസയാണ് ഹൈദരാബാദിന്റെ ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. സന്റാസയ്ക്ക് പാസ് നല്‍കാന്‍ ശ്രമിച്ചതായിരുന്നു ഒഡെയ് ഒനയ്ന്ത്യ. എന്നാല്‍ ഇന്റര്‍സെപ്റ്റ് ചെയ്ത ബക്കാരി കോനെയില്‍ നിന്ന് പന്ത് നേരെ ജോയല്‍ കിയാനെസിലേക്ക്. കിയാനെസില്‍ നിന്ന് പന്ത് റാഞ്ചാന്‍ ശ്രമിച്ച കോസ്റ്റയില്‍ നിന്ന് മിസ് ടച്ചായി പന്ത് നേരെ ഫ്രാന്‍ സന്റാസയുടെ മുന്നില്‍. പന്ത് നേരെ വലയിലെത്തിക്കേണ്ട കാര്യമേ സന്റാസയ്ക്കുണ്ടായിരുന്നുള്ളൂ. 

തുടര്‍ന്ന് 62-ാം മിനിറ്റില്‍ ജോയല്‍ കിയാനെസിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഇത്തവണയും ബക്കാരി കോനെയുടെ മോശം ബാക്ക് പാസില്‍ നിന്നായിരുന്നു ഈ അവസരം ഹൈദരാബാദിന് ലഭിച്ചത്. കിക്കെടുത്ത സന്റാസ 63-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. 

86-ാം മിനിറ്റില്‍ അരിഡാനെ സന്റാന ഹൈദരാബാദിന്റെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി. മൂന്നു ഗോള്‍ വീണതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് നിരയ്‌ക്കെതിരേ 90-ാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ നാലാം ഗോളും നേടി. 

ജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സീസണില്‍ എട്ടാം തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 10-ാം സ്ഥാനത്തേക്ക് വീണു. 

Content Highlights: ISL 2020-21 Hyderabad FC Crush Kerala Blasters