മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇതോടെ തുടര്‍ച്ചയായ നാലു സമനിലകള്‍ക്ക് ശേഷം ഒരു ജയം സ്വന്തമാക്കാന്‍ ഹൈദരാബാദിനായി. 

ഫ്രാന്‍ സന്റാസ, ജോയല്‍ കിയാനിസി എന്നിവരാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

28-ാം മിനിറ്റില്‍ ഫ്രാന്‍ സന്റാസയാണ് ഹൈദരാബാദിനായി ആദ്യം സ്‌കോര്‍ ചെയ്തത്. ജാവോ വിക്ടറിന്റെ പാസില്‍ നിന്നായിരുന്നു സന്റാസയുടെ ഗോള്‍. വിക്ടറിന്റെ ത്രൂ ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ സന്റായ ചെന്നൈയിന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് ഹൈദരാബാദായിരുന്നു. യാസിര്‍, ആകാശ് മിശ്ര, ലിസ്റ്റന്‍ കൊളാസോ എന്നിവരുടെ ഒത്തൊരുമ കളത്തില്‍ പ്രകടമായിരുന്നു. ഹൈദരാബാദിന്റെ മിക്ക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഈ കൂട്ടുകെട്ടാണ്.

നിര്‍ഭാഗ്യമാണ് ചെന്നൈയുടെ മുന്നേറ്റം തടഞ്ഞത്. ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് ചെന്നൈ താരങ്ങള്‍ കളഞ്ഞുകുളിച്ചത്. 

47-ാം മിനിറ്റില്‍ എലി സാബിയയുടെ ഷോട്ട് ബാറിലിടിച്ച് മടങ്ങി. 67-ാം മിനിറ്റില്‍ ഫത്ത്ഖുലോയുടെ ഗോളെന്നുറച്ച ഷോട്ടും ക്രോസ് ബാറിലിടിച്ച് മടങ്ങി. 

74-ാം മിനിറ്റില്‍ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ എഡ്വിനും സാധിച്ചില്ല. 79-ാം മിനിറ്റിലാണ് ചെന്നൈയിന് ലഭിച്ച മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ചാങ്‌തെ നല്‍കിയ ക്രോസില്‍ ചുമ്മാ കാലുവെയ്‌ക്കേണ്ട കാര്യമേ റഹീം അലിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അലിയുടെ കാലില്‍ തട്ടി പന്ത് പുറത്തേക്കാണ് പോയത്.

ചെന്നൈയിന്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടെ 83-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ രണ്ടാം ഗോളെത്തി. ജാവോ വിക്ടറിന്റെ ത്രൂ പാസില്‍ നിന്ന് ജോയല്‍ കിയാനിസി ഹൈദരാബാദിന്റെ രണ്ടാം ഗോള്‍ നേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 Hyderabad eye ending run of draws against Chennaiyin