ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. മൂന്നു മിനിറ്റിനിടെയാണ് ഗോവ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയത് ഗോവയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബെംഗളൂരുവിനെ മറികടക്കുന്ന പ്രകടനമായിരുന്നു ഗോവയുടേത്. 27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്സിലേക്ക് നീണ്ട പന്ത് ആരും മാര്‍ക്ക് ചെയ്യാതിരുന്ന സില്‍വ അനായാസം വലയിലെത്തിക്കുകയായിരുന്നു. 

ആദ്യ പകുതിയില്‍ 70 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഗോവയ്ക്ക് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇതിനിടെ 44-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം സൂപ്പര്‍ താരം സുനില്‍ ഛേത്രി നഷ്ടപ്പെടുത്തി. 

57-ാം മിനിറ്റില്‍ യുവാന്‍ അന്റോണിയോ ഗോണ്‍സാലസാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്. ദെഷോണ്‍ ബ്രൗണ്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് എറിക് പാര്‍ത്താലു ഹെഡ് ചെയ്ത് യുവാന് മറിച്ച് നല്‍കുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാന്‍ പന്ത് വലയിലെത്തിച്ചു. ബെംഗളൂരു 2-1ന് മുന്നില്‍.

എന്നില്‍ അവിടെ നിന്ന് ഉണര്‍ന്നു കളിക്കുന്ന ഗോവയെയാണ് ഫത്തോര്‍ഡ സ്റ്റേഡിയം കണ്ടത്. 65-ാം മിനിറ്റില്‍ റോഡ്രിഗസിന് പകരം ഐബാനെയും ജെയിംസ് ഡൊണാച്ചിക്ക് പകരം നൊഗ്വേരയേയും കളത്തിലിറക്കിയ ഫെറാന്‍ഡോയുടെ നീക്കം ഫലം കണ്ടു. പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിറ്റില്‍ (66) തന്നെ ഇഗോര്‍ അംഗുളോയിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. ബ്രാന്‍ഡന്റെ ത്രൂ ബോള്‍ സ്വീകരിച്ച നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

വൈകാതെ 69-ാം മിനിറ്റില്‍ അംഗുളോ തന്നെ രണ്ടാം ഗോളിലൂടെ ഗോവയെ ഒപ്പമെത്തിച്ചു. ഇതിനും തുടക്കമിട്ടത് ബ്രാന്‍ഡനാിരുന്നു. ബ്രാന്‍ഡന്റെ പാസ് സ്വീകരിച്ച റൊമാരിയോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് നെഞ്ച് കൊണ്ട് അംഗുളോ വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ ഉടനീളം റഫറി പുറത്തെടുത്തത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

 

Content Highlights: ISL 2020-21 FC Goa vs Bengaluru FC