ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ആതിഥേയരായ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈയുടെ ജയം. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്.
ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് ഗോവ താരം ലെന്നി റോഡ്രിഗസിന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് കൈ ചൂണ്ടുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയ്ക്ക് 40-ാം മിനിറ്റില്‍ തിരിച്ചടി നേരിട്ടു. ഹെര്‍നന്‍ ഡാനിയല്‍ സന്റാനയെ ഫൗള്‍ ചെയ്തതിന് റെഡീം തലാങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയതോടെ ശേഷിച്ച സമയം 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്.
10 പേരായി ചുരുങ്ങിയിട്ടും മുംബൈ മുന്നേറ്റത്തെ തടഞ്ഞ സെരിറ്റോണ്‍ ഫെര്‍ണാണ്ടസും ജെയിംസ് ഡൊണാഷിയും ഗോവയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
ഇതിനിടെ 75-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മന്ദര്‍ റാവു ദേശായിക്ക് വലയിലെത്തിക്കാന്‍ സാധിക്കാതിരുന്നത് മുംബൈക്ക് തിരിച്ചടിയായി. ആദം ലെ ഫോണ്‍ഡ്രെ ബോക്‌സിലേക്ക് നല്‍കിയ പന്ത് മന്ദറിന്റെ കാലില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പോയി. 71-ാം മിനിറ്റില്‍ മുംബൈ ഫാറൂഖ് ചൗധരിക്ക് പകരം ഓഗ്‌ബെച്ചെയെ കളത്തിലിറക്കിയെങ്കിലും മുംബൈക്ക് ജയത്തിനായി ഒടുവില്‍ പെനാല്‍റ്റി തന്നെ വേണ്ടിവന്നു.
ഗോവന്‍ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ആല്‍ബര്‍ട്ടോ നൊഗ്വേര, എഡു ബേഡിയ, ലെന്നി റോഡ്രിഗസ് എന്നിവരടങ്ങിയ മധ്യനിര തിളങ്ങിയതോടെ ഇഗോര്‍ അംഗുളോയ്ക്കും സെയ്മിന്‍ലെന്‍ ഡുംഗലിനും യഥേഷ്ടം പന്ത് ലഭിച്ചു. പലപ്പോഴും ഫൈനല്‍ തേര്‍ഡില്‍ ഗോവയ്ക്ക് പിഴയ്ക്കുകയായിരുന്നു. 55-ാം മിനിറ്റില്‍ എഡു ബേഡിയയുടെ ഉഗ്രനൊരു ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് രക്ഷപ്പെടുത്തുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 FC Goa against Mumbai City FC