പനാജി: കരുത്തരുടെ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബെംഗളൂരു എഫ്.സി. നായകന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് വേണ്ടി വിജയഗോള്‍ നേടിയത്. സീസണില്‍ ബെംഗളൂരു നേടുന്ന ആദ്യ വിജയമാണിത്. ചെന്നൈയിനാകട്ടെ ആദ്യ തോല്‍വിയും ഈ മത്സരത്തിലൂടെ വഴങ്ങി.
ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയിലാണ് ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബെംഗളൂരുവും ചെന്നൈയിനും ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ചു.ബെംഗളൂരുവിന്റെ സുരേഷ് വാങ്ജം ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളായതുകൊണ്ടുതന്നെ ചെന്നൈയിനും ബെംഗളൂരുവും മത്സരത്തിന് മികച്ച തുടക്കം തന്നെ നല്‍കി. മൂന്നാം മിനിട്ടില്‍ തന്നെ ചെന്നൈയിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത നായകന്‍ ക്രിവെല്ലാരോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധ മതിലില്‍ തട്ടി തെറിച്ചു.
എട്ടാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് പിറന്നു. മലയാളി താരം ആഷിഖ് കുരുണിയനാണ് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയത്. 15-ാം മിനിട്ടില്‍ ചെന്നൈയിന്റെ കുന്തമുന അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് പുറത്തായി. ആഷിഖുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് കണങ്കാലിന് പരിക്കേറ്റാണ് താരം മടങ്ങിയത്. ഇത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി.
17-ാം മിനിട്ടില്‍ ചെന്നൈയിന്‍ ക്യാപ്റ്റന്‍ ക്രിവല്ലാരോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 29-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ രാഹുല്‍ ഭേക്കെയ്ക്ക് മികച്ച അവസരം ലഭിച്ചു. ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുലിന് അത് കഴിഞ്ഞില്ല.
പിന്നീട് മികച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിക്കാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല
രണ്ടാം പകുതിയില്‍ ബെംഗളൂരുവിന് ബോക്‌സിന് തൊട്ടുപിന്നില്‍ നിന്നും ഒരു മികച്ച ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അത് കൃത്യമായി നടപ്പാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ചെന്നൈയിനും മികച്ച ഒരു ഫ്രീകിക്ക് ലഭിച്ചു. കിക്കില്‍ നിന്നും മികച്ച ഹെഡ്ഡറിന് ദീപക് താങ്ക്രി ശ്രമിച്ചെങ്കിലും ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് അത് കൈയ്യിലൊതുക്കി.
56-ാം മിനിട്ടില്‍ ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ബോക്‌സിനുള്ളില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത നായകന്‍ ഛേത്രിയ്ക്ക് പിഴച്ചില്ല. മികച്ച ഒരു ഷോട്ടിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഛേത്രി പന്തിനെ ഉരുട്ടിവിട്ടു.
ഗോള്‍ വീണതോടെ ബെംഗളൂരു ആവേശത്തിലായി. 59-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ഡിമാസ് എടുത്ത ഗോളെന്നുറച്ച മികച്ച ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി വിശാല്‍ ഖെയ്ത്ത് അവിശ്വസനീയമായി തട്ടിയകറ്റി.
ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിനും മികച്ച കളി പുറത്തെടുത്തു. ഇതോടെ രണ്ടാം പകുതി ആവേശഭരിതമായി. 68-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്‌തെയുടെ മികച്ച ഒരു പാസ്സില്‍ നിന്നും നായകന്‍ ക്രിവല്ലാരോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ആഷിഖിന്റെ കൈയ്യില്‍ തട്ടി അത് പുറത്തേക്ക് പോയി. പക്ഷേ റഫറി പെനാല്‍ട്ടി വിധിച്ചില്ല.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21: Chennaiyin FC vs Bengaluru FC