ബാംബോലിം: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന എഫ്.സി ഗോവ - ചെന്നൈയിന്‍ എഫ്.സി പോരാട്ടം സമനിലയില്‍. ഇന്‍ജുറി ടൈമില്‍ ഇഷാന്‍ പണ്ഡിത നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ യാക്കുബ് സില്‍വസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. വലതു വിങ്ങിലൂടെ യാക്കുബ് സില്‍വസ്റ്ററും റീഗന്‍ സിങ്ങും ചേര്‍ന്ന മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനൊടുവില്‍ റീഗന്‍ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയെ സില്‍വസ്റ്ററെ തടയാന്‍ ഗോവ താരങ്ങള്‍ ശ്രമിച്ചെങ്കിലും ഞൊടിയിടയില്‍ സില്‍വസ്റ്റര്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

എന്നാല്‍ ചെന്നൈയിന്റെ ആഘോഷം അധികം നീണ്ടില്ല. 17-ാം മിനിറ്റില്‍ ബോക്‌സില്‍ ഇഗോള്‍ അംഗൂളോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച എലി സാബിയയുടെ കൈയില്‍ പന്ത് തട്ടിയതോടെ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അംഗൂളോ അനായാസം പന്ത് വലയിലെത്തിച്ചു. 

പിന്നീട് 43-ാം മിനിറ്റില്‍ സില്‍വസ്റ്ററിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച അവസരം സില്‍വസ്റ്റര്‍ പുറത്തേക്കടിച്ച് കളയുകയും ചെയ്തു.

രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈയിന്‍ 60-ാം മിനിറ്റില്‍ മുന്നിലെത്തി. റീഗന്‍ സിങ് ബോക്‌സിലേക്ക് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പകരക്കാരനായെത്തിയ മുഹമ്മദ് അലിയും ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഗോളിന് കാരണമായത്. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ചാങ്‌തെയ്ക്ക് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 

ചെന്നൈയിന്‍ വിജയം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിത രക്ഷകനായി അവതരിക്കുന്നത്. ഗോവന്‍ താരം മുന്നോട്ടു നീട്ടിയ പന്ത് കിടിലന്‍ ഷോട്ടിലൂടെ പണ്ഡിത വലയിലെത്തിക്കുകയായിരുന്നു. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 Chennaiyin FC takes on FC Goa