ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍മഴ പിറന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയിറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്ത്. ഡിമാസ് ഡെല്‍ഗാഡോ, നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി കെ.പി.രാഹുല്‍,ജോർദാൻ മറെ എന്നിവര്‍ ഗോള്‍ നേടി. 

ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രതിരോധത്തില്‍ വന്ന വിള്ളലുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. ഈയൊരു തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നില പരുങ്ങലിലായി. സീസണില്‍ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു വിജയം പോലും ടീമിന് നേടാനായില്ല. മൂന്നു തോല്‍വികളും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. മറുവശത്ത് ബെംഗളൂരു തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പരാജയമറിയാതെ മുന്നേറി.  ബെം​ഗളൂരുവിന്റെ ഡിമാസ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഒരു മികച്ച ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അത് ബെംഗളൂരു പ്രതിരോധനിര അനായാസേന നേരിട്ടു. പിന്നാലെ ബെംഗളൂരുവിനും മികച്ച അവസരം ലഭിച്ചു. പക്ഷേ അതും ഗോളായില്ല. 

ആദ്യ പത്തുമിനിട്ടില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 15-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറെയുടെ ഒന്നാന്തരം ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

17-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തി. തകര്‍പ്പന്‍ ഷോട്ടിലൂടെ മലയാളി താരം കെ.പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മുന്നേറ്റതാരം ഹൂപ്പറുടെ പാസ്സില്‍ നിന്നും പന്ത് പിടിച്ചെടുത്ത രാഹുല്‍ പന്തുമായി മുന്നേറി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി ഷോട്ടുതിര്‍ത്തു. പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കുതിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഈ സീസണില്‍ രാഹുല്‍ നേടുന്ന ആദ്യ ഗോളാണിത്. 

ഗോള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. 28-ാം മിനിട്ടില്‍ ക്ലെയിറ്റൺ സിൽവ സില്‍വയിലൂടെ ബെംഗളൂരു സമനില ഗോള്‍ കണ്ടെത്തി. 

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലാല്‍റുവത്താരയുടെ പിഴവില്‍ നിന്നും പന്ത് പിടിച്ചെടുത്ത സില്‍വ അനായാസേന പന്ത് വലയിലെത്തിച്ചു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ലാല്‍റുവത്താരയുടെ കാലില്‍ നിന്നും പന്ത് വഴുതി ബോക്‌സില്‍ വീണു. ഇത് സില്‍വ പിടിച്ചെടുത്ത് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. ഗോള്‍കീപ്പര്‍ ആല്‍ബിനോയ്ക്ക് ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. 

രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ അതിവേഗനീക്കവുമായി ബ്ലാസ്‌റ്റേഴ്‌സ് കളം നിറഞ്ഞു. എന്നാല്‍ 48-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ക്രിസ്റ്റിയനെ ബോക്‌സില്‍ വെച്ച് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ബകാരി കോനെ ഫൗള്‍ ചെയ്തതിന് റഫറി ഫൗള്‍ വിളിച്ചു. പിന്നാലെ പെനാല്‍ട്ടിയും. പരിചയ സമ്പന്നനായ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയെടുത്ത കിക്ക് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് അനായാസം പന്ത് കൈയ്യിലൊതുക്കി. 

എന്നാല്‍ 51-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധപ്പൂട്ട് പൊളിച്ച് ബെംഗളൂരു വീണ്ടും സ്‌കോര്‍ ചെയ്തു. മികച്ച പാസ്സിങ് ഗെയിമിലൂടെ ക്രിസ്റ്റ്യന്‍ ഒപ്‌സത്താണ് ബെംഗളൂരുവിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. തൊട്ടുപിന്നാലെ 53-ാം മിനിട്ടില്‍ വീണ്ടും ബെംഗളൂരു വീണ്ടും സ്‌കോര്‍ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ഡിമാസാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.

എന്നാല്‍ രണ്ടു ഗോളുകള്‍ പെട്ടന്ന് വഴങ്ങിയ ശേഷം വര്‍ധിത വീര്യത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 61-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ കണ്ടെത്തി. നായകന്‍ വിസെന്റെ ഗോമസ് മികച്ച ഒരു ഹെഡ്ഡറിലൂടെ നൽകിയ പാസിലൂടെ മറെ സ്‌കോര്‍ ചെയ്തു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി.

എന്നാല്‍ 65-ാം മിനിട്ടില്‍ വീണ്ടും ബെംഗളൂരു സ്‌കോര്‍ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പ്രതിരോധത്തിലായി. ഇത്തവണ നായകന്‍ സുനില്‍ ഛേത്രിയാണ് സ്‌കോര്‍ ചെയ്തത്. മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കിയത്. ഇതോടെ സ്‌കോര്‍ 4-2 എന്നായി. നേരത്തേ പെനാല്‍ട്ടി പാഴാക്കിയ ഛേത്രി ഈ ഗോളിലൂടെ പ്രായശ്ചിത്തം ചെയ്തു. 

80-ാം മിനിട്ടില്‍ മറെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല ചലിപ്പിച്ചെങ്കിലും റഫറി  ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ബെംഗളൂരു പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 Bengaluru FC vs Kerala Blasters FC