ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന ബെംഗളൂരു എഫ്.സി - ചെന്നൈയിന്‍ എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍.

പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മുന്നിട്ടു നിന്നെങ്കിലും നിര്‍ഭാഗ്യം കൊണ്ടാണ് ചെന്നൈയിന് മത്സരത്തില്‍ വിജയിക്കാനാകാതെ പോയത്. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനവും ചെന്നൈയിന് വിലങ്ങുതടിയായി. 

കളിതുടങ്ങി ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന് ആദ്യ അവസരം ലഭിച്ചു. ഇസ്മയില്‍ ഗോണ്‍സാല്‍വസിന്റെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റുകയായിരുന്നു. റീബൗണ്ടില്‍ പന്ത് ലഭിച്ച റഹീം അലിയുടെ ഷോട്ടും ഗുര്‍പ്രീത് പിടിച്ചെടുത്തു.

34-ാം മിനിറ്റില്‍ ബെംഗളൂരുവിനും അവസരം ലഭിച്ചു. പക്ഷേ സുനില്‍ ഛേത്രിയുടെ ഷോട്ട് എലി സാബിയ തടഞ്ഞു. 

40-ാം മിനിറ്റിലും ചെന്നൈയിന് അവസരം ലഭിച്ചു. ഇത്തവണ മാനുവല്‍ ലാന്‍സറോട്ടയുടെ ഷോട്ട് ഗുര്‍പ്രീത് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിലും ചെന്നൈയിന്‍ മികച്ച മുന്നേറ്റങ്ങള്‍ പുറത്തെടുത്തെങ്കിലും ഇസ്മയില്‍ ഗോണ്‍സാല്‍വസിന്റെ മോശം ഫിനിഷിങ്ങും ഗുര്‍പ്രീതിന്റെ മികച്ച പ്രകടനങ്ങളും വീണ്ടും ചെന്നൈയിനെ തടഞ്ഞു.

61-ാം മിനിറ്റില്‍ ഇസ്മയിലിന്റെ ഗോളെന്നുറച്ച ഷോട്ട് ഗുര്‍പ്രീത് രക്ഷപ്പെടുത്തി.

ഇതിനിടെ 75-ാം മിനിറ്റില്‍ ബെംഗളൂരു താരം ഫ്രാന്‍സിസ്‌കോ ഗോള്‍സാലസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായിരുന്നു.

77, 78 മിനിറ്റുകളിലും ഗുര്‍പ്രീത് ബെംഗളൂരുവിന്റെ രക്ഷയ്‌ക്കെത്തി. 85-ാം മിനിറ്റില്‍ മെമോ മൗറയുടെ ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുക കൂടി ചെയ്തതോടെ ചെന്നൈയിന്റെ നിര്‍ഭാഗ്യം പൂര്‍ത്തിയായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 Bengaluru FC against Chennaiyin FC