ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം.

രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും പിറന്നത്. 51-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയെ മുന്നിലെത്തിച്ചത്. പിന്നാലെ 58-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ സെല്‍ഫ് ഗോളിലാണ് എ.ടി.കെ ലീഡുയര്‍ത്തിയത്.

ആദ്യ പകുതിയില്‍ എ.ടി.കെയുടെ മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിലേക്ക് വലിഞ്ഞത് മത്സരം പലപ്പോഴും വിരസമാക്കി.

51-ാം മിനിറ്റില്‍ എഡു ഗാര്‍സിയയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് മറിച്ച് നല്‍കുകയായിരുന്നു. കുത്തി ഉയര്‍ന്ന പന്ത് ഹെഡറിലൂടെ കൃഷ്ണ വലയിലെത്തിച്ചു. 

58-ാം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണറില്‍ നിന്നായിരുന്നു എ.ടി.കെയുടെ രണ്ടാം ഗോള്‍ പിറന്നത്. എഡു ഗാര്‍സിയയെടുത്ത കോര്‍ണറില്‍ നിന്ന് ഗോള്‍ നേടാനുള്ള ജന്ദേശ് ജിംഗാന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ജിംഗനെ ടാക്കിള്‍ ചെയ്യാനെത്തിയ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 ATK Mohun Bagan vs NorthEast United FC