ഫത്തോര്‍ഡ: ഐ.എസ്.എല്ലിലെ ഈ സീസണിലെ ബെംഗളൂരു എഫ്.സിയുടെ തോല്‍വിയറിയാതെയുള്ള കുതിപ്പ് അവസാനിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് എ.ടി.കെ, ബെംഗളൂരുവിനെ തകര്‍ത്തത്. 

സീസണില്‍ എ.ടി.കെയുടെ അഞ്ചാം ജയമാണിത്. കളിയുടെ എല്ലാ മേഖലകളിലും ബെംഗളൂരുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എ.ടി.കെ പുറത്തെടുത്തത്.

33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ ഡേവിഡ് വില്യംസാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. കാള്‍ മക്ഹ്യു നല്‍കിയ ലോങ് പാസ് സ്വീകരിച്ച വില്യംസ്, ഹര്‍മന്‍ജോത് ഖബ്രയെ കബളിപ്പിച്ച് കൃത്യമായ ഇടമുണ്ടാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ എ.ടി.കെയ്ക്കായിരുന്നു ആധിപത്യം. റോയ് കൃഷ്ണയും മന്‍വീര്‍ സിങ്ങും ചേര്‍ന്ന് നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. 16-ാം മിനിറ്റില്‍ കൃഷ്ണയ്ക്ക് ലഭിച്ച അവസരവും 22-ാം മിനിറ്റില്‍ മന്‍വീറിന് ലഭിച്ച അവസരവും ബെംഗളൂരു പ്രതിരോധത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അപകടകരമാകാതിരുന്നത്.

രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങളുമായി കളത്തിലിറങ്ങിയിട്ടും കളിയില്‍ മാറ്റമുണ്ടാക്കാന്‍ ബെംഗളൂരുവിന് സാധിച്ചില്ല. ഇതിനിടെ 73-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ക്ലെയ്റ്റന്‍ സില്‍വ നഷ്ടപ്പെടുത്തുകയും ചെയ്തു. 

മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ റോയ് കൃഷ്ണ, മന്‍വീര്‍ സിങ്, ഡേവിഡ് വില്യംസ് സഖ്യം ബെംഗളൂരു പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. മികച്ച പ്രസ്സിങ് ഗെയിം പുറത്തെടുത്താണ് എ.ടി.കെ ബെംഗളൂരുവിനെ പ്രതിരോധത്തിലാക്കിയത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 ATK Mohun Bagan aim to end Bengaluru FC unbeaten run