കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ കൊട്ടിക്കലാശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) ഏഴാം സീസണ് സെമിഫൈനലിലേക്ക് കടക്കുമ്പോള്‍ ഐ ലീഗ് ഫുട്ബോളില്‍ സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകും. സൂപ്പര്‍ ലീഗ് ഫൈനല്‍ മാര്‍ച്ച് 13-ന്. ഐ ലീഗില്‍ മാര്‍ച്ച് അവസാനവാരം അവസാന റൗണ്ട് പോരാട്ടങ്ങള്‍ നടക്കും. രണ്ട് ലീഗിലേയും നിര്‍ണായക മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും.
സൂപ്പര്‍ സെമി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്ഥിരതയോടെ പൊരുതിയ നാല് ടീമുകളാണ് സെമിയിലെത്തിയത്. ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ്.സി. ഗോവയെയും നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ. മോഹന്‍ ബഗാന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും. സെമിഫൈനല്‍ ആദ്യപാദം മാര്‍ച്ച് അഞ്ച്, ആറ്് തീയതികളിലും രണ്ടാംപാദം എട്ട്, ഒമ്പത് തീയതികളിലും നടക്കും.
ഇത്തവണ ആകര്‍ഷകമായി കളിച്ച ഹൈദരാബാദ് എഫ്.സി. സെമിഫൈനലില്‍ എത്താത്തത് ഫുട്ബോള്‍ ആരാധകരെ വിഷമിപ്പിക്കുന്നുണ്ടാകും. അവസാന രണ്ട് കളികളില്‍ നിര്‍ഭാഗ്യം ഹൈദരാബാദിനെ ചതിച്ചു. മുംബൈ, എ.ടി.കെ, ഗോവ ടീമുകളുടെ വരവില്‍ അദ്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ പരിശീലകന് ഖാലിദ് ജമീലിന്റെ കീഴില്‍ അദ്ഭുതകരമായ കുതിപ്പാണ് നോര്‍ത്ത് ഈസ്റ്റ് നടത്തുന്നത്. ജംഷേദ്പുരിനെ തോല്‍പ്പിച്ചാണ് ടീം കുതിപ്പ് തുടങ്ങിയത്. ഒമ്പത് മത്സരങ്ങളിലും ടീം തോറ്റിട്ടില്ല.
സൂപ്പര്‍ സിക്സ്
മാര്‍ച്ച് അഞ്ചിന് റിയല്‍ കശ്മീര്‍ എഫ്.സി.യും ചര്‍ച്ചില്‍ ബ്രദേഴ്സും ഏറ്റുമുട്ടുന്നതോടെ ഐലീഗ് ഫുട്ബോളിലെ സൂപ്പര്‍ സിക്സ് പോരാട്ടം തുടങ്ങും.
മുഹമ്മദന്‍സ്, പഞ്ചാബ് എഫ്.സി., ഗോകുലം കേരള എഫ്.സി., ട്രാവു ടീമുകളാണ് ഈ ഗ്രൂപ്പില്‍ കളിക്കുന്നത്. ആദ്യഘട്ടത്തിലെയും സൂപ്പര്‍ സിക്സിലെയും മൊത്തം പോയന്റിന്റെ അടിസ്ഥാനത്തില്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കും. 10 കളിയില്‍ 22 പോയന്റുള്ള ചര്‍ച്ചിലിന് രണ്ടാം സ്ഥാനക്കാരേക്കാള്‍ അഞ്ച് പോയന്റ് ലീഡുണ്ട്. അഞ്ച് റൗണ്ടുകളുള്ള സൂപ്പര്‍ സിക്സില് ഈ അഞ്ച് പോയന്റ് ലീഡ് കിരീടപോരാട്ടത്തില്‍ പ്രധാനമാകും. ഗോകുലത്തിന് 16 പോയന്റാണുള്ളത്.
ലീഗിലെ അവശേഷിക്കുന്ന അഞ്ച് ടീമുകള്‍ തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ പോരാടും. ഇന്ത്യന്‍ ആരോസിന് തരംതാഴ്ത്തല്‍ ഇല്ലാത്തതിനാല്‍ എട്ട് പോയന്റുള്ള നെറോക്ക എഫ്.സി., ഒമ്പത് പോയന്റ് വീതമുള്ള സുദേവ എഫ്.സി., ചെന്നൈ സിറ്റി ടീമുകളാണ് തരംതാഴ്ത്തല്‍ മേഖലയിലുള്ളത്. 15 പോയന്റുള്ള ഐസോളിന് കാര്യമായ ഭീഷണിയില്ല.
Content Highlights: games for the title are now in Indian Super League and I-League