വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ കുരുക്കി ഹൈദരാബാദ് എഫ്.സി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അഞ്ചാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ഹൈദരാബാദ് ഉശിരന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഹിച്ച ജയമാണ് ഹൈദരാബാദിന് നഷ്ടമായത്. രണ്ടുതവണ മത്സരത്തില്‍ ലീഡെടുത്തിട്ടും ടീമിന് വിജയിക്കാനായില്ല.

ഹൈദരാബാദിനായി നായകന്‍ അരിഡാനെ സന്റാനയും പകരക്കാരനായി എത്തിയ റോളണ്ട് ആല്‍ബെര്‍ഗും ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മോഹന്‍ ബഗാന് വേണ്ടി മന്‍വീര്‍ സിങ്ങും പ്രീതം കോട്ടാലും സ്‌കോര്‍ ചെയ്തു.

ഈ സമനിലയിലൂടെ ഹൈദരാബാദ് നാലാം സ്ഥാനത്തും മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്തും തുടരുന്നു. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോഴും ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. ഒരു ​ഗോളും ഒരു അസിസ്റ്റും നേടിയ ഹൈദരാബാദ് നായകൻ അരിഡാനെ സന്റാന മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഹൈദരാബാദിന്റെ പ്രതിരോധതാരം ചിങ്ക്‌ളന്‍ സന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മോഹന്‍ ബഗാന്റെ ഡേവിഡ് വില്യംസിനെ ഫൗള്‍ ചെയ്തതിനാണ് സനയ്ക്ക് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചത്. ഇതോടെ അഞ്ചാം മിനിട്ടില്‍ തന്നെ ഹൈദരാബാദ് പത്തുപേരായി ചുരുങ്ങി.

പക്ഷേ പത്തുപേരായി ചുരുങ്ങിയിട്ടും ഹൈദരാബാദ് എട്ടാം മിനിട്ടില്‍ മോഹന്‍ ബഗാനെതിരേ ലീഡെടുത്തു. അരിഡാനെ സന്റാനയാണ് ടീമിനായി ഗോള്‍ നേടിയത്. മോഹന്‍ ബഗാന്‍ പ്രതിരോധതാരങ്ങളുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. 

പ്രീതം കോട്ടാല്‍ നല്‍കിയ മൈനസ് പാസ് സ്വീകരിക്കുന്നതില്‍ ടിറിയും ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയും പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത സന്റാന പന്ത് വലയിലേക്ക് തട്ടിയിട്ടു. ഭാഗ്യത്തിന്റെ അകമ്പടിയോടെ പന്ത് വലയിലെത്തി. ഇതോടെ ഹൈദരാബാദ് മത്സരത്തില്‍ 1-0 ന് ലീഡെടുത്തു. സന്റാനയുടെ ഈ സീസണിലെ പത്താം ഗോളാണിത്.

ഗോള്‍ വഴങ്ങിയതോടെ മോഹന്‍ ബഗാന്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ ഹൈദരാബാദ് അതിനെ നന്നായി തന്നെ പ്രതിരോധിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടുപോലും ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചത്. 

രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാന്‍ മോഹന്‍ ബഗാന്‍ ആക്രമിച്ചുകളിച്ചു. എന്നാല്‍ ഹൈദരാബാദ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. പക്ഷേ കൗണ്ടര്‍ അറ്റാക്കുകളില്‍ ടീം മികച്ചുനിന്നു. 55-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ഹാളിചരണ്‍ നര്‍സാരി എടുത്ത ഫ്രീകിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

എന്നാല്‍ 57-ാം മിനിട്ടില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരത്തിലെ സമനില ഗോള്‍ നേടി. മുന്നേറ്റതാരം മന്‍വീര്‍ സിങ്ങാണ് ടീമിനായി സമനില ഗോള്‍ കണ്ടെത്തിയത്. ഡേവിഡ് വില്യംസിന്റെ പാസ്സ് സ്വീകരിച്ച മന്‍വീര്‍ ബോക്‌സിന്റെ വലതുവശത്തുനിന്നും തൊടുത്ത ഉഗ്രന്‍ കിക്ക് ഗോള്‍കീപ്പര്‍ കട്ടിമണിയെ കീഴ്‌പ്പെടുത്തി വലയില്‍ തുളച്ചുകയറി. താരം ഈ സീസണില്‍ നേടുന്ന അഞ്ചാം ഗോളാണിത്. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലെത്തി.

ഗോള്‍ നേടിയതോടെ മോഹന്‍ ബഗാന്റെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചു. ഇതോടെ ഹൈദരാബാദ് പ്രതിരോധം വിയര്‍ത്തു. എന്നാല്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് വീണ്ടും മത്സരത്തില്‍ മുന്നില്‍ കയറി. 75-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. 

പകരക്കാരനായി ഇറങ്ങിയ റോളണ്ട് ആല്‍ബെര്‍ഗാണ് ടീമിനായി രണ്ടാം ഗോള്‍ നേടിയത്. പകരക്കാരനായി വന്ന ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടിക്കൊണ്ടാണ് ആല്‍ബെര്‍ഗ് വരവറിയിച്ചത്. നായകന്‍ അരിഡാനെ സന്റാന ഹെഡ്ഡറിലൂടെ നല്‍കിയ പാസ്സ് സ്വീകരിച്ച ആല്‍ബെര്‍ഗ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. ലിസ്റ്റണ്‍ കൊളാസോയ്ക്ക് പകരമാണ് ആല്‍ബെര്‍ഗ് ഗ്രൗണ്ടിലെത്തിയത്. 

സന്ദേശ് ജിംഗാന്‍ പരിക്കേറ്റ് പുറത്തായത് മോഹന്‍ ബഗാന് കൂടുതല്‍ തലവേദന സമ്മാനിച്ചു. വീണ്ടും ഗോള്‍ വഴങ്ങിയതോടെ മോഹന്‍ ബഗാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഹൈദരാബാദ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങി ഹൈദരാബാദ് അര്‍ഹിച്ച വിജയം നഷ്ടപ്പെടുത്തി.

ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ പ്രീതം കോട്ടാലാണ് മോഹന്‍ ബഗാന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഡേവിഡ് ലൂയിസ് എടുത്ത കിക്ക് സ്വീകരിച്ച കോമള്‍ പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. ഇത് ഗോള്‍കീപ്പര്‍ കട്ടിമണി തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെ പ്രീതം കോട്ടാലിന്റെ കാലുകളിലേക്കാണ് എത്തിയത്. അദ്ദേഹം പന്ത് അനായാസം വലയിലെത്തിച്ച് സ്‌കോര്‍ 2-2 എന്ന നിലയിലെത്തിച്ചു. വൈകാതെ മത്സരം അവസാനിക്കുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights:ATK Mohun Bagan vs Hyderabad FC Indian Super League 2020-21