ബംബോലിം: ഐ.എസ്.എല്ലിന്റെ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എ.ടി.കെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തുമ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ടീമിന്റെ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ്. 67-ാം മിനിട്ടില്‍ താരം നേടിയ ഗോളിന്റെ ബലത്തിലാണ് എ.ടി.കെ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി എതിരാളികള്‍ക്ക് വലിയ താക്കീതാണ് താരം നല്‍കുന്നത്. 

ഐ.എസ്.എല്ലില്‍ അപരിചിതനല്ല റോയ് കൃഷ്ണ. കഴിഞ്ഞ സീസണില്‍ എ.ടി.കെയിലെത്തിയ താരം ഞൊടിയിടയിലാണ് ആരാധകരുടെ ഇഷ്ടതാരമായത്. എ.ടി.കെയുടെ സൂപ്പര്‍ താരമാകാന്‍ കൃഷ്ണയ്ക്ക് അധികസമയം വേണ്ടി വന്നില്ല. 21 മത്സരങ്ങളില്‍ നിന്നുമായി 15 ഗോളുകള്‍ നേടി കഴിഞ്ഞ സീസണില്‍ താരം വരവറിയിച്ചു.

കൊല്‍ക്കത്തയെ കഴിഞ്ഞ സീസണില്‍ കിരീടത്തിലേക്ക് നയിച്ചതില്‍ ഏറെ വിയര്‍പ്പൊഴുക്കിയതും ഇന്ത്യയില്‍ വേരുകളുള്ള ഈ താരം തന്നെ. റോയ് കൃഷ്ണ ഫിജി താരമാണെങ്കിലും താരത്തിന്റെ പൂര്‍വികര്‍ കൊല്‍ക്കത്തയില്‍ നിന്നാണ് അവിടേക്ക് കുടിയേറിപ്പാര്‍ത്തത്. മറ്റൊരര്‍ഥത്തില്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയ ഒരു ആവേശത്തിലാണ് താരം. 

2007-ല്‍ സൗത്ത് പസിഫിക്ക് ഗെയിംസിലാണ് ആദ്യമായി താരം ഫിജിയുടെ ദേശീയ ടീമില്‍ ഇടം നേടുന്നത്. 2010-ല്‍ ഫുട്‌സാലിലും ഒരു കൈ നോക്കി. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും താരത്തിന് വന്നുചേര്‍ന്നു. ഫിജിയ്ക്കായി ഒളിമ്പിക്‌സില്‍ ആദ്യ ഗോള്‍ നേടിയ താരവും റോയ് കൃഷ്ണയാണ്. 

നിലവില്‍ ന്യൂസിലന്‍ഡ് പൗരത്വമാണ് താരത്തിനുള്ളത്. ന്യൂസിലന്‍ഡിലെ എ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ടീമില്‍ കളിക്കുമ്പോഴാണ് ഐ.എസ്.എല്ലില്‍ കളിക്കാനുള്ള അവസരം കൃഷ്ണയെത്തേടിയെത്തുന്നത്. വെല്ലിങ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍  താരത്തിന് നേടാനായി.

ചെറിയ അവസരമാണെങ്കില്‍പോലും അത് കൃത്യമായി വലയിലെത്തിക്കാനുള്ള അപാരമായ കഴിവ് താരത്തിനുണ്ട്. അതുതന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിനെതിരെ കണ്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നും ബോള്‍ കണ്ടെത്തിയ താരം ഒട്ടും മടിക്കാതെ അനായാസം പന്ത് വലയിലെത്തിച്ചു. ഈ മികവ് വരും മത്സരങ്ങളില്‍ തുടര്‍ന്നാല്‍ കൃഷ്ണയെ പൂട്ടാന്‍ പ്രതിരോധ താരങ്ങള്‍ നന്നായി വിയര്‍ക്കും. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയതോടെ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും റോയ് കൃഷ്ണ സ്വന്തമാക്കി. 

Content Highlights: ATK Mohun Bagan Striker Roy Krishna scores first goal in this season