കൊച്ചി: ''നോബേ...നോബേ...എന്റെ ഭാഷയായ 'യാലാ'യില്‍ അങ്ങനെ പറയാം... നിങ്ങളുടെ ഭാഷയില്‍ നന്ദി...നന്ദി...''. ഏതു ഭാഷയിലായാലും ബ്ലാസ്റ്റേഴ്സ് ആരാധകരോട് ക്യാപ്റ്റന്‍ ബര്‍ത്തലോമ്യൂ ഒഗ്ബെച്ചേ ഇപ്പോള്‍ പറയുന്നത് അതാണ് - നന്ദി. വിജയങ്ങളില്ലാതെ ഉലഞ്ഞുനിന്ന കാലം താണ്ടി ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തുമ്പോള്‍ നിറഞ്ഞ സന്തോഷത്തിലാണ് ക്യാപ്റ്റനായ നൈജീരിയന്‍ താരം ഒഗ്ബെച്ചേ. കൊല്‍ക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തിന് ഒരുങ്ങുന്നതിനിടെ ഒഗ്ബെച്ചേ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

വിജയം തുടരണം

ഞങ്ങള്‍ക്കു നല്ല കളിക്കാരുണ്ട്, നല്ല ടീമുമുണ്ട്. പക്ഷേ, ഈ സീസണില്‍ ഒരു വിജയത്തിനുവേണ്ടി നീണ്ട കാലമാണ് കാത്തിരിക്കേണ്ടിവന്നത്. വിജയമില്ലാത്ത ഒമ്പതു കളികള്‍ക്കുശേഷം ഹൈദരാബാദിനെതിരേ നേടിയ 5-1 വിജയം ഞങ്ങള്‍ക്ക് ഒരു ഇഞ്ചക്ഷന്റെ ഫലമാണ് തന്നിരിക്കുന്നത്. ഈ വിജയം തുടരുന്നതാണ് പ്രധാനം. ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. പോസിറ്റീവ് എനര്‍ജിയോടെ കടുത്ത പോരാട്ടങ്ങള്‍ക്കൊരുങ്ങാനുള്ള ഉത്തേജനമാണ് കിട്ടിയിരിക്കുന്നത്.

team winning with those goals is more important to be a top scorer bartholomew ogbeche
ക്രിസ്മസ് ആഘോഷത്തിനായി കേരളത്തിലെത്തിയ മക്കളായ കാമറോണിനും കാസിക്കുമൊപ്പം ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഒഗ്‌ബെച്ചേ (വലത്ത്‌) വൃദ്ധസദനത്തിലെ അന്തേവാസികളോടൊത്ത് കേക്ക് മുറിച്ചപ്പോൾ. സമീപം ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വ്‌ളാറ്റ്‌കോ ഡ്രോബറോവും കെ.പി. രാഹുലും

ടോപ് സ്‌കോററായോ! സന്തോഷം

ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായെന്ന് പലരും പറയുമ്പോഴാണ് അറിയുന്നത്. ടോപ് സ്‌കോററാകുന്നതിനെക്കാള്‍ ആ ഗോളുകളില്‍ ടീം ജയിക്കുമ്പോഴാണ് സന്തോഷമാകുന്നത്. ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോററായെങ്കില്‍ സന്തോഷം. പരിക്കു മൂലം ഈ സീസണില്‍ എനിക്ക് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. കളിക്കാന്‍ കഴിയാതെ ബെഞ്ചില്‍ ഇരിക്കുന്നതിനെക്കാള്‍ വലിയൊരു സങ്കടമില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങാന്‍ കഴിയണമെന്നാണ് ആഗ്രഹം.

മെസ്സിയും ഞാനും തമ്മില്‍

മെസ്സി ബൗളിയും ഞാനും ഒരുമിച്ച് കളിക്കാനിറങ്ങുമ്പോള്‍ എനിക്ക് വലിയ സന്തോഷവും ആവേശവും തോന്നാറുണ്ട്. കളിക്കുമ്പോള്‍ ഏതു നിമിഷവും അവന്‍ എനിക്ക് ഒരു പാസ് തന്നേക്കാം. ആര്‍ക്കും പാസ് കൊടുക്കാതെ കളിക്കണമെന്ന സ്വാര്‍ഥതയൊന്നും അവനില്ല. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഏതു പൊസിഷനിലേക്കും വരാന്‍ മെസ്സി തയ്യാറാണ്. ഞാനും അവനും തമ്മിലുള്ള കെമിസ്ട്രിയുടെ ഉദാഹരണം കഴിഞ്ഞ മത്സരത്തില്‍ എത്രയോതവണ കണ്ടു.

കാമറോണും കാസിയും ക്രിസ്മസും

ഇത്തവണത്തെ ക്രിസ്മസും പുതുവത്സരവും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി മിക്ക കളിക്കാരുടേയും കുടുംബം എത്തിയിരുന്നു. ക്രിസ്മസ് ഞങ്ങളെല്ലാം ചേര്‍ന്ന് ഗംഭീരമായാണ് ആഘോഷിച്ചത്. ഭാര്യ ആനിസയും മക്കളായ കാമറോണും കാസിയും ഒക്കെ കേരളത്തിലെ ക്രിസ്മസ് നന്നായി ആസ്വദിച്ചു. കേരളഫുഡും അവര്‍ നന്നായി ആസ്വദിച്ചെന്നാണ് പറഞ്ഞത്. പ്രായമായവരോടൊത്ത് കേക്ക് മുറിച്ചതൊക്കെ മക്കള്‍ക്ക് വലിയൊരു അനുഭവമായിരുന്നു. പുതുവത്സരത്തിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞത് മനസ്സിന് വലിയ ഊര്‍ജമാണ് സമ്മാനിച്ചത്.

Content Highlights: team winning with those goals is more important to be a top scorer bartholomew ogbeche