'മഞ്ഞപ്പടയ്ക്കായി ഗര്‍ജിക്കാന്‍ കാമറൂണില്നിന്നൊരു സിംഹം...'റാഫേല്‍ മെസ്സി ബോള എന്ന ഫുട്ബോളറെ സ്വാഗതം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍.പാവങ്ങളുടെ മെസ്സിയാണെങ്കിലും കാമറൂണുകാരന് മഞ്ഞപ്പടയ്ക്കായി കസറുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. റാഫേല്‍ മെസ്സിയുടെ വിശേഷങ്ങള്‍.
മെസ്സി കുടുംബപ്പേരാണേ!
മെസ്സി എന്ന പേര് കേള്‍ക്കുമ്പോഴേ എന്നെനോക്കി പലരും ചിരിക്കുന്നുണ്ട്. മെസ്സി എന്റെ കുടുംബപ്പേരാണ്. കാമറൂണില്‍ ഈ കുടുംബപ്പേര് പലര്‍ക്കുമുണ്ട്. മെസ്സി എന്ന് കേള്‍ക്കുമ്പോള്‍ ലയണല്‍ മെസ്സിയെയാകും എല്ലാവരും ഓര്‍ക്കുന്നത്. ലയണല്‍ മെസ്സി ലോകംകണ്ട ഏറ്റവും മഹാനായ കളിക്കാരില്‍ ഒരാളാണ്. എനിക്ക് ഈ പേരിട്ടത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. മെസ്സി എന്നപേരില്‍ കളിക്കാനെത്തുമ്പോള്‍ എനിക്കും ആരാധകര്‍ കൂടുമെന്നറിയാം. ആ രസം നുണയാന്‍ ഞാനും കാത്തിരിക്കുന്നു.
ഒഗ്ബെച്ചേ സൂപ്പറാണ്
ബ്ലാസ്റ്റേഴ്സ് നിരയില്‍ നൈജീരിയന്‍ താരം ഒഗ്ബെച്ചേക്കൊപ്പം കളിക്കുന്നത് എനിക്ക് സന്തോഷം നല്കുന്നു. ഒഗ്ബെച്ചേയ്ക്ക് ഗോളടിക്കാന്‍ അറിയാം. ഗോളിനായി ദാഹിക്കുന്ന ഒരാള്‍ മുന്നേറ്റനിരയില്‍ കൂടെയുണ്ടാകുമ്പോള്‍ നമ്മുടെ കളിയും നന്നാകും. സ്ട്രൈക്കറെന്നനിലയില്‍ എനിക്ക് ഒരുപാടു മുന്നേറാനുണ്ട്. ഒഗ്ബെച്ചേ അതിന് സഹായിക്കുമെന്നാണ് കരുതുന്നത്.
ഭാവിയാണ് പ്രധാനം
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം ഇപ്പോഴത്തെ ടീം നോക്കേണ്ടതില്ല. ഭാവിയിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ചത് നല്‍കാനാണ് പരിശ്രമിക്കേണ്ടത്. ഒപ്പമുള്ള കളിക്കാരിലേക്ക് നോക്കുമ്പോള്‍ അതിന് കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. ദുബായിലെ ഒരു മത്സരത്തിലൂടെ ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ബോധ്യമായി.
റൊണാള്‍ഡോയും സെനഗലും
ലയണല്‍ മെസ്സിയെ ഇഷ്ടമാണെങ്കിലും കൂടുതല്‍ ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്ഡോയോടുണ്ട്. ക്രിസ്റ്റ്യാനോയുടെ കളി വേറെ ലെവലാണ്. എന്റെ ഫേവറിറ്റ് ക്ലബ്ബ് റയല്‍ മാഡ്രിഡാണ്. ദേശീയ ടീമുകളില്‍ എന്റെ രാജ്യം കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ടീം സെനഗലാണ്. എല്‍ ഹാജി ദിയൂഫും മാമേ ദിയൂഫും പ്രിയ താരങ്ങള്‍.
കുത്തരിച്ചോറും ചിക്കനും
കേരളത്തില്‍ വന്നിട്ട് ഏറ്റവും ഇഷ്ടമായ ഭക്ഷണം കുത്തരിച്ചോറാണ്. ചോറിന്റെ കൂടെ ചിക്കന്‍ കറിയും കൂട്ടിയാല്‍ ഗംഭീരം. കഴിഞ്ഞ ദിവസം കിട്ടിയ ഓണസദ്യയും രുചികരമായിരുന്നു. എരിവ് കൂടുതലുള്ള വിഭവങ്ങളോട് അത്ര താത്പര്യമില്ല. ടീം ഡയറ്റിന്റെ ഭാഗമായി ചില ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാറുണ്ട്.
Content Highlights: Raphael Eric Messi Bouli Interview Kerala Blasters Messi Manjappada ISL 2019