ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്.സി.യുടെ മുന്നേറ്റനിരതാരം. സെനഗലിലെ മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ ഐ.എസ്.എല്‍. സീസണില്‍ മുംബൈ ടീമിന്റെ ടോപ് സ്‌കോറര്‍. മോദു സോഗുവിന് അധികം വിശേഷണങ്ങള്‍ വേണ്ട. ഇന്ത്യന്‍ ഫുട്ബോളില്‍ ചലനം സൃഷ്ടിക്കുന്ന സോഗു മാതൃഭൂമിക്കനുവദിച്ച മുഖാമുഖം
ഇന്ത്യയില്‍ ഇത് രണ്ടാം തവണ. കഴിഞ്ഞ സീസണിലെ അനുഭവം
നല്ല അനുഭവമായിരുന്നു. ഇവിടെ ഫുട്ബോള്‍ ലീഗ് വ്യത്യസ്തമാണ്. ഇന്ത്യയില്‍ എങ്ങനെ കളിക്കാം എന്നു പഠിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷമാണ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലതും ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു.
മറ്റു ലീഗുകളില്‍നിന്നുള്ള വ്യത്യാസം
യൂറോപ്യന്‍ ലീഗ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതാണ്. കൂടുതല്‍ മത്സരങ്ങള്‍ ഉണ്ടാകും. ഇവിടെ പത്ത് ടീമുകളില്‍ കുറച്ചുമത്സരങ്ങള്‍ മാത്രം. അതുകൊണ്ട് തെറ്റുകള്‍ വരുത്താന്‍ പാടില്ല. യൂറോപ്യന്‍ ലീഗിനിടയില്‍ നമുക്ക് കളിക്കാരെ മാറ്റാം, കോച്ചിനെ മാറ്റാം, ടീമിന്റെ ഘടന മാറ്റം, ഗെയിം പ്ലാന്‍ മാറ്റാം. അങ്ങനെ പല സൗകര്യങ്ങള്‍ ഉണ്ട്. പക്ഷേ, ഇവിടെ അതൊന്നും നടക്കില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം തീരുമാനിക്കണം...
കുട്ടിക്കാലം
സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ ഫുട്ബോളിനോട് വളരെ കമ്പമായിരുന്നു. സ്‌കൂള്‍പഠനം കഴിഞ്ഞപ്പോള്‍തന്നെ സെനഗല്‍ ദേശീയ ടീമില്‍ ഇടം കിട്ടി. അണ്ടര്‍ -17, അണ്ടര്‍-18, അണ്ടര്‍ -19 ടീമുകളിലൊക്കെ കളിക്കാനായി.
2004-ല്‍ പോര്‍ച്ചുഗലിലേക്ക് ഒരു ക്ഷണം കിട്ടി. കുറച്ചു ദിവസത്തെ പ്രാക്ടീസ് മാച്ചിന് ശേഷം അവിടെ ഒരു ക്ലബ്ബ് എന്നെ ഏറ്റെടുത്തു. അങ്ങനെ ഞാന്‍ ലിറിയ ടീമിന്റെ ഭാഗമായി. മുംബൈ സിറ്റി എഫ്.സി.യിലെ പൗലോ മച്ചാഡോ അന്ന് എന്നോടൊപ്പം അവിടെ കളിച്ചിരുന്നു.
കോച്ച് ജോര്‍ജ് കോസ്റ്റയുമായുള്ള പരിചയം
ലിറിയ ക്ലബ്ബില്‍ നിന്നും കോയിമ്പ്ര ടീമിലേക്കാണ് പോയത്. അന്ന് അവിടുത്തെ പരിശീലകന്‍ ജോര്‍ജ് കോസ്റ്റ ആയിരുന്നു. പിന്നീട് അദ്ദേഹം ഒരു റൊമാനിയന്‍ ടീമിലേക്ക് പോയപ്പോള്‍ എന്നെയും കൊണ്ടുപോയി. അവിടെ ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചു. പിന്നീട് ഷെഫ് വെഡ്ഡ് ക്ലബ്ബില്‍ വന്നപ്പോള്‍ അവിടെയും ജോര്‍ജ് കോസ്റ്റ ആയിരുന്നു പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ജോര്‍ജ് കോസ്റ്റ മുംബൈയിലേക്ക് വന്നപ്പോള്‍ എന്നോട് വരുന്നോ എന്ന് ചോദിച്ചു.
ഇഷ്ട കളിക്കാരന്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ക്രിസ്റ്റ്യാനോ. മികച്ച കളിക്കാരനായി നിലനില്‍ക്കുക എന്നത് പ്രയാസമാണ്. മെസ്സിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. മെസ്സി ദൈവത്തിന്റെ ഒരു വരദാനമാണ്. ക്രിസ്റ്റ്യാനോ സ്വന്തം പ്രയത്‌നംകൊണ്ട് ഉയര്‍ച്ചനേടിയ വ്യക്തിയും.
ആദ്യത്തെ പ്രതിഫലം
പതിമൂന്നാം വയസ്സില്‍ ആണ് ഫുട്ബോള്‍ കളിച്ചിട്ട് ആദ്യ പ്രതിഫലം ലഭിക്കുന്നത്. 75 യൂറോ കിട്ടി. അന്ന് സെനഗല്‍ ദേശീയ ടീമില്‍ കളിച്ചതിനായിരുന്നു ആ പ്രതിഫലം. അത് അമ്മയുടെ കൈയില്‍ കൊടുത്തു.
Content Highlights: Messi is a gift from God, but Cristiano the favorite moudu sougu