കൊച്ചി: അവസാന മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ ജംഷേദ്പുരിനെതിരേ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് (2-2). സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. 75-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ റാഫേല്‍ മെസ്സി 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇരട്ട ഗോള്‍ തികച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. 

മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ഡ്രൊബരോവിന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ പിറ്റിയാണ് ജംഷേദ്പുരിനെ ആദ്യ പകുതിയില്‍ മുന്നിലെത്തിച്ചത്. 71-ാം മിനിറ്റില്‍ മലയാളി താരം സികെ വിനീത് സന്ദര്‍ശകരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഉണര്‍ന്ന് കളിച്ചു. മുന്നേറ്റങ്ങളെല്ലാം ജംഷേദ്പൂര്‍ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചെങ്കിലും 75-ാം മിനിറ്റില്‍ മെസ്സിയുടെ ഹെഡ്ഡര്‍ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ നിലനിര്‍ത്തി. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റുകള്‍ ശേഷിക്കെ ലഭിച്ച പെനാല്‍റ്റി മെസ്സി പിഴവില്ലാതെ വലയിലെത്തിച്ചതോടെ സ്വന്തം തട്ടകത്തില്‍ തോല്‍വി ഒഴിവാക്കി ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു.

സമനിലയോടെ എട്ട് കളികളില്‍നിന്ന് മൂന്ന് വിജയവും നാല് സമനിലയും ഒരു തോല്‍വിയും സഹിതം 13 പോയന്റുള്ള ജംഷേദ്പൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. എട്ട് കളികളില്‍ ഒന്നില്‍ മാത്രം ജയിച്ച് നാല് സമനിലയും മൂന്ന് തോല്‍വിയും സഹിതം ഏഴ് പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.

Content Highlights; messi bouli brace helps kerala to 2-2 draw with jamshedpur