മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്ര നിമിഷം. ഐ.എസ്.എല്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്.സിയുടെ ഓഹരി സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. 65% ഓഹരിയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സി.എഫ്.ജി) വാങ്ങിയത്. മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ നിത അംബാനിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐ.എസ്.എല്ലിന് പുത്തനുണര്‍വേകുന്നതാണ് ഈ തീരുമാനം. ക്ലബ്ബിന്റേ ശേഷിക്കുന്ന 35% ഓഹരി നിലവിലെ ഉടമകളായ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, ബിമല്‍ പരേഖ് എന്നിവര്‍ തന്നെ പങ്കിടും. നേരത്തെ ലാ ലിഗ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഐ.എസ്.എല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ ഓഹരി വാങ്ങിയിരുന്നു. പിന്നീട് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കരാര്‍ തീര്‍ന്നതോടെ അത്‌ലറ്റിക്കോ കൊല്‍ക്കത്ത പേര് മാറ്റിയിരുന്നു. നിലവില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത എന്നാണ് പേര്. 

സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കുന്ന എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്.സി. സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി ഏറ്റെടുത്തതോടെ ഡാമിയന്‍ വില്ലോഗ്ബി മുംബൈയുടെ സി.ഇ.ഒ ആവും. ഈ തീരുമാനം ക്ലബ്ബിനും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിനും ഇന്ത്യന്‍ ഫുട്‌ബോളിനും ഒരുപോലെ ഉപകരാപ്രകദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.എഫ്.ജി ചെയര്‍മാന്‍ ഖാല്‍ദൂന്‍ അല്‍ മുബാറക് വ്യക്തമാക്കി.

Content Highlights: Manchester City Owners Buy Majority Stake in ISL Side Mumbai City