ര്‍മകളില്‍നിന്ന് എന്തൊക്കെ ചോര്‍ന്നുപോയാലും വിയര്‍പ്പും ചെളിയും പുരണ്ട ആ കാല്‍പ്പന്ത് ഹൃദയത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാകില്ല... കൊച്ചിയിലെ ശ്രീ രാമവര്‍മ ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് എന്റെ ഓര്‍മകളിലെ പന്ത് തട്ടിത്തുടങ്ങുന്നത്. 1950-കളില്‍ നടന്ന ആ ടൂര്‍ണമെന്റ് കാണാന്‍ പോകുമ്പോള്‍ എനിക്ക് പത്തുവയസ്സാണ് പ്രായം. ദിവാന്‍ ഹെര്‍ബര്‍ട്ട് ഉണ്ടാക്കിയ മഹാരാജാസ് ഗ്രൗണ്ടില്‍ കൊച്ചി രാജാവിന്റെ പേരിലുള്ള ടൂര്‍ണമെന്റ് കാണാന്‍ പോകുമ്പോള്‍ മനസ്സുനിറയെ ഫുട്ബോള്‍ മാത്രമായിരുന്നു.

കോട്ടയം എച്ച്.എം.സി., തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി., പേട്ട യങ് ചലഞ്ചേഴ്സ്, കണ്ണൂര്‍ ലക്കി സ്റ്റാര്‍, കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്സ്, കണ്ണൂര്‍ ബ്രദേഴ്സ്, കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, എറണാകുളം ഫ്‌ളയിങ് ആരോസ്, മട്ടാഞ്ചേരി കൊച്ചിന്‍ സ്റ്റേറ്റ്സ് ക്ലബ്ബ് തുടങ്ങിയ ടീമുകളൊക്കെയാണ് അന്ന് കളിക്കുന്നത്. മുപ്പത് മിനിറ്റ് വീതമുള്ള രണ്ട് പകുതികളായി ഒരു മണിക്കൂറായിരുന്നു അന്നത്തെ കളി.

കടകളടച്ച് ബ്രോഡ്‌വേ

കുട്ടിക്കാലത്തെ കൊച്ചിയുടെ ഫുട്ബോള്‍ ചിത്രങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഇന്റര്‍ സ്‌കൂള്‍ ഫുട്ബോള്‍ മത്സരങ്ങളായിരുന്നു. എസ്.ആര്‍.വി. സ്‌കൂളും സെയ്ന്റ് ആല്‍ബര്‍ട്സ് സ്‌കൂളും തമ്മിലുള്ള കളി അന്നത്തെ ഒരു 'ഡെര്‍ബി' തന്നെയായിരുന്നു. കുട്ടികളുടെ മത്സരം കാണാന്‍ ഉച്ചകഴിഞ്ഞ് ബ്രോഡ്വേയിലെ കടകള്‍ അടച്ച് മുതിര്‍ന്നവരും പോകുമായിരുന്നു.

സ്‌കൂളുകാര്‍ തമ്മിലുള്ള ഫുട്ബോളിന് അന്ന് വലിയ വീറും വാശിയുമുണ്ടായിരുന്നു. കളി കഴിഞ്ഞാല്‍ ഒരടിപിടി ഉറപ്പാണ്... രണ്ടു ചേരികളായി തിരിഞ്ഞ് കളി കാണാന്‍ ഇരിക്കുമെങ്കിലും കളിക്കളത്തില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കായി ആര്‍ത്തുവിളിക്കാന്‍ അന്ന് ആരും മടിച്ചിരുന്നില്ല. ചെളിയും വിയര്‍പ്പും പുരണ്ട ഫുട്ബോളിന് പിന്നാലെ പായുന്ന കളിക്കാരേക്കാള്‍ ആവേശത്തിലായിരുന്നു അന്ന് ഓരോ കാണിയും.

ടെന്നീസ് ബോളിലെ ഫുട്ബോള്‍

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ചയായിരുന്നു ഫുട്ബോള്‍ കളിയുടെ ആവേശകാലം. അന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനായി രണ്ടുമണിക്കൂര്‍ ഇടവേള കിട്ടുമായിരുന്നു. മുസ്ലിം കുട്ടികള്‍ പള്ളിയില്‍ പോകുമ്പോള്‍, മറ്റുള്ളവര്‍ കളി തുടങ്ങും. നിസ്‌കാരം കഴിഞ്ഞെത്തുന്ന മുസ്ലിം കുട്ടികളും അവര്‍ക്കൊപ്പം കൂടും. അന്ന് ആല്‍ബര്‍ട്സ് ഗ്രൗണ്ടില്‍ ഉച്ചനേരത്ത് 20 ടീമുകളെങ്കിലും ഒരേ സമയത്ത് കളിക്കാനുണ്ടാകും.

ടെന്നീസ് ബോളിലാണ് അന്നത്തെ കളി. കുട്ടികള്‍ തലങ്ങും വിലങ്ങുമൊക്കെ കളിക്കുമെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ പന്ത് ഏതാണെന്ന് കൃത്യമായി അറിയാമായിരുന്നു. മറ്റുള്ളവരെ ബാധിക്കാതെ അവര്‍ക്കിടയിലൂടെ അവരുടെ പന്തുമായി ഓരോ ടീമും മുന്നേറുന്നത് രസകരമായ കാഴ്ചയായിരുന്നു. ടെന്നീസ് ബോളില്‍ 'സിസര്‍കട്ട്' നടത്തി ഗോളടിക്കുന്ന എത്രയോ താരങ്ങള്‍ അന്നുണ്ടായിരുന്നു.

പച്ചവെള്ളവും ബോണ്ടയും

അന്നൊക്കെ ഫുട്ബോള്‍ മത്സരത്തിന് പോകുമ്പോള്‍ ഇന്നത്തെപ്പോലെ നല്ല ഭക്ഷണമൊന്നുമില്ല... മിക്കവാറും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കിയ 'ബോണ്ട'യാകും കളിക്കാര്‍ക്ക് നല്‍കുന്നത്. ചായ നല്‍കാന്‍ കാശില്ലാത്തതുകൊണ്ട് ബോണ്ടയ്‌ക്കൊപ്പം പച്ചവെള്ളമാണ് കുടിക്കാന്‍ നല്‍കുന്നത്. ഏതെങ്കിലും ടൂര്‍ണമെന്റിന് ചായ കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയതുപോലെയായിരുന്നു ആഘോഷം. വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ പട്ടിണിയിലായിരുന്നവര്‍ക്ക് അന്ന് ബോണ്ടയും ചായയും കിട്ടുന്നത് വലിയ കാര്യമായിരുന്നു. ദാരിദ്ര്യത്തിന്റെ സങ്കടങ്ങളെ, ഫുട്ബോളിലെ ഗോള്‍ ആവേശങ്ങളുടെ സന്തോഷങ്ങളില്‍ മൂടിനടന്ന എത്രയോ കൂട്ടുകാരെ എനിക്കറിയാം.

സന്തോഷ് ട്രോഫിയിലെ സന്തോഷം

ഫുട്ബോള്‍ തന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് 1973-ലെ 'സന്തോഷ് ട്രോഫി'യാണ്. എറണാകുളത്ത് നടന്ന ആ സന്തോഷ് ട്രോഫിയാണ് കേരളം നേടിയ ചരിത്രത്തിലെ ആദ്യത്തെ സന്തോഷ് ട്രോഫി. അന്ന് ടൂര്‍ണമെന്റിന്റെ കണ്‍വീനറായിരുന്നു ഞാന്‍. കേരളം അന്ന് കപ്പ് നേടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. ബംഗാളിനേയും റെയില്‍വേസിനേയും പോലെയുള്ള കരുത്തന്‍മാര്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍ കടന്നതുപോലും അദ്ഭുതമായിരുന്നു.

മഹാരാജാസിലെ ആടിയുലഞ്ഞ ചൂളമര ഗാലറിയിലിരുന്ന് ആവേശത്തോടെ കാണികള്‍ കണ്ട ആ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റെയില്‍വേസിനെ കീഴടക്കി കേരളം കപ്പുയര്‍ത്തുമ്പോള്‍ ഞങ്ങളുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വിയര്‍ത്തൊട്ടിയ കുപ്പായങ്ങളില്‍ അതിനേക്കാള്‍ കണ്ണീരിലായിരുന്നു താരങ്ങളില്‍ പലരും. ഫുട്ബോള്‍ എന്ന വികാരം എന്താണെന്നതിന്റെ ഒരിക്കലും മായാത്ത കാഴ്ചയായിരുന്നു അന്നത്തെ ഫൈനല്‍.

ഐ.എസ്.എല്ലിന്റെ കളിമുറ്റത്ത്

നിറങ്ങളില്‍ നീരാടിയ കൊച്ചിയുടെ കളിമുറ്റത്ത് ഇപ്പോള്‍ 'ഐ.എസ്.എല്‍.' മത്സരം കാണാനിരിക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രൊഫഷണല്‍ മുഖമാണ് ഐ.എസ്.എല്‍. 'കേരള ബ്ലാസ്റ്റേഴ്സി'ന്റെ മഞ്ഞക്കുപ്പായത്തില്‍ ആയിരങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇരമ്പുമ്പോള്‍, നമ്മളും ആവേശസാഗരത്തില്‍ അലിഞ്ഞുപോകും. വിദേശതാരങ്ങളും ഇന്ത്യന്‍ താരങ്ങളും ഒരുമിച്ച് പന്തുതട്ടുന്ന കാഴ്ച ആവേശവും അതിനേക്കാള്‍ സന്തോഷവും നല്‍കുന്ന കാഴ്ചയാണ്. എന്നാല്‍, ഐ.എസ്.എല്ലിന്റെ കളിമുറ്റത്തേക്ക് കണ്ണുനട്ടിരിക്കുമ്പോഴും എന്റെ മനസ്സില്‍ ഉരുളുന്നത് ആ പന്താണ്... ചെളിയും വിയര്‍പ്പും പുരണ്ട ആ കാല്‍പ്പന്ത്.

Content Highlights: kfa honarary president kmi mather on his football memories