കൊച്ചി: രാഹുല്‍ കുമാര്‍ ഗുപ്ത. കേരള ബ്ലാസ്റ്റേഴ്സ്-നോര്‍ത്ത് ഈസ്റ്റ് കളി നിയന്ത്രിച്ച റഫറി. കളിക്കാരേക്കാള്‍ ശനിയാഴ്ച ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ രണ്ട് പെനാല്‍റ്റി തീരുമാനങ്ങളായിരുന്നു. രണ്ടും അബദ്ധങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വര്‍ധിച്ചുവരുന്ന മോശം റഫറിയിങ്ങിനെക്കുറിച്ചുള്ള പരാതികള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു രണ്ട് തീരുമാനങ്ങളും.

41-ാം മിനിറ്റ്

റഫറിമാരുടെ മോശം തീരുമാനങ്ങള്‍ എപ്പോഴും എതിരാകുന്നെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പരാതി. എന്നാല്‍ ശനിയാഴ്ച്ച റഫറിയുടെ അബദ്ധത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് ഒരു പെനാല്‍റ്റി. 41-ാം മിനിറ്റില്‍ മരിയോ അര്‍ക്വിസ് നീട്ടിക്കൊടുത്ത പന്ത് കൈക്കലാക്കാനായി ബോക്‌സിലേക്ക് കുതിച്ച ഒഗ്ബെച്ചെയെ 'ഫൗള്‍' ചെയ്തതിനാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുഭാശിഷ് റോയി ചൗധരിക്ക് മഞ്ഞക്കാര്‍ഡ് നല്‍കിയതും ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി അനുവദിച്ചതും. എന്നാല്‍ സുഭാശിഷ് പന്തില്‍ മാത്രമെ പിടിക്കാന്‍ ശ്രമിച്ചുള്ളൂവെന്നും ഓടിവന്ന സുഭാശിഷിനെ തട്ടിയാണ് ഒഗ്ബെച്ചെ വീണതെന്നും ടി.വി. റീപ്ലേകളില്‍ വ്യക്തമായിരുന്നു. പോസ്റ്റിന്റെ വലത്തെ മൂലയിലേക്ക് ഒഗ്ബെച്ചെ നിറയൊഴിച്ചപ്പോള്‍ അതേദിശയില്‍ ചാടിയെങ്കിലും പന്ത് കൈക്കലാക്കാന്‍ സുഭാശിഷിന് കഴിഞ്ഞില്ല. പെനാല്‍റ്റി കൊടുത്തത് മാത്രമല്ല, മഞ്ഞക്കാര്‍ഡ് കൂടി കിട്ടിയത് സുഭാശിഷിനെ ചൊടിപ്പിച്ചു. ഗോള്‍ വഴങ്ങിക്കഴിഞ്ഞ് പോസ്റ്റില്‍ പലതവണ തൊഴിച്ചാണ് അദ്ദേഹം അരിശം തീര്‍ത്തത്.

49-ാം മിനിറ്റ്

സ്വന്തം ബോക്‌സിലേക്ക് വന്ന പന്ത് തലകൊണ്ട് ക്ലിയര്‍ ചെയ്യുന്ന ബ്ലാസ്റ്റേഴ്സിന്റെ സെത്യാസെന്‍ സിങ്. പക്ഷേ, കൈകൊണ്ട് തട്ടിയെന്ന് വിചാരിച്ച റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കളിക്കാര്‍ക്ക് ആദ്യം കാര്യമെന്താണെന്നുതന്നെ മനസ്സിലായില്ല. പെനാല്‍റ്റിയെടുത്ത അസമാവോ ഗ്യാനിന് പിഴച്ചില്ല. ഇരു ടീമിനും അനുകൂലമായി റഫറി ഓരോ മണ്ടന്‍ തീരുമാനങ്ങളെടുത്ത് അദ്ദേഹം കാര്യം സമനിലയിലാക്കി. കളിയും.

കഴിഞ്ഞവര്‍ഷം ഗോവ-എ.ടി.കെ. മത്സരത്തില്‍ ഗോവയ്ക്ക് ഉറപ്പായും ലഭിക്കേണ്ട പെനാല്‍റ്റി ഇതേ റഫറി അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. റഫറിയെ എപ്പോഴും ബഹുമാനിക്കുന്ന താന്‍ ഈ മത്സരത്തിന് ശേഷം അതിനായി അതേ ബഹുമാനം നല്‍കാന്‍ കിണഞ്ഞു ശ്രമിക്കുകയാണെന്നായിരുന്നു ഗോവന്‍ കോച്ച് സെര്‍ജിയോ ലൊബേറയുടെ പ്രതികരണം. കഴിഞ്ഞ സീസണില്‍ നാലു ദിവസത്തിനിടെ രണ്ട് ഐ.എസ്.എല്‍. മത്സരങ്ങള്‍ക്ക് റഫറിയായിട്ടുണ്ട് ഗുപ്ത. ജനുവരി 21-ന് കൊച്ചിയിലും 25-ന് കൊല്‍ക്കത്തയിലും. ഇത് റഫറിമാര്‍ക്ക് സമ്മര്‍ദമേറ്റുന്നതാണെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു.

Content Highlights: Kerala Blasters vs NorthEast United ISL 2019