ദ്യകളിയില്‍ എ.ടി.കെ. കൊല്‍ക്കത്തയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങള്‍ വിജയകരമായിരുന്നു. അതേ തന്ത്രങ്ങളുമായി വ്യാഴാഴ്ച രണ്ടാം കളിക്കിറങ്ങിയ ടീമിനെതിരേ മുംബൈ സിറ്റി പരിശീലകന് കൃത്യമായ മറുതന്ത്രമുണ്ടായിരുന്നു. തന്ത്രങ്ങളുടെ പോരാട്ടത്തില്‍ ഇത്തവണ വിജയം യോര്‍ഗെ കോസ്റ്റയ്ക്കായിരുന്നു. എന്നാല്‍, ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി വീണുപോയതുമില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനെതിരേ കൊച്ചിയില്‍ കളിക്കുമ്പോള്‍ സമനിലയായിരുന്നു പരിശീലകന്‍ യോര്‍ഗെ ലക്ഷ്യമിട്ടത്. അതിനായി അവര്‍ ഒരുക്കിയ ഗെയിംപ്ലാന്‍ വിജയിക്കുകയും ഒപ്പം ഒരു ഗോള്‍ വീണുകിട്ടുകയും ചെയ്തതോടെ മുംബൈ ടീമിന് വിജയമധുരമായി.

ഫൈനല്‍ തേര്‍ഡില്‍ അപകടകാരിയായ ഒഗ്ബെച്ചെയ്ക്ക് സ്‌പേസ് അനുവദിക്കാതിരിക്കുക, കയറിക്കളിക്കുന്ന മുസ്തഫ നിങ്ങിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക എന്നിവയായിരുന്നു കോസ്റ്റയുടെ ഗെയിംപ്ലാനിലുണ്ടായിരുന്നത്. ഇതു രണ്ടും അവര്‍ ഭംഗിയായി നടപ്പാക്കി. മുസ്തഫയും ഒഗ്ബെച്ചെയും പ്രതിരോധപ്പൂട്ടില്‍പ്പെട്ടപ്പോള്‍ വിങ്ങുകളിലൂടെ വഴിതുറക്കാന്‍ ഹോളിച്ചരണ്‍ നര്‍സാറിക്കും പ്രശാന്തിനും കഴിഞ്ഞില്ല. ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫൈനല്‍ തേര്‍ഡില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയാതെപോയി.

ആദ്യകളിയിലെ ടീമിലോ ഫോര്‍മേഷനിലോ ഗെയിംപ്ലാനിലോ ഷട്ടോരി തുടക്കത്തില്‍ മാറ്റംവരുത്തിയിരുന്നില്ല. 4-1-4-1 ശൈലിയില്‍ തുടങ്ങി കളിയുടെ അവസാനമായപ്പോഴേക്കും 4-4-2-ല്‍ എത്തിനില്‍ക്കുന്ന താരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഘടന. ജീക്സന്‍ സിങ് മധ്യനിരയ്ക്കും പ്രതിരോധത്തിനുമിടയില്‍ കളിച്ചപ്പോള്‍ സിഡോഞ്ച ഇത്തവണ താഴേക്കിറങ്ങി. മൂന്ന് വിദേശ മുന്നേറ്റനിരക്കാരുമായി കളിച്ച മുംബൈയുടെ ആക്രമണത്തിനെതിരേയുള്ള കരുതലായിരുന്നു ഇത്. ഇതിനൊപ്പം രണ്ടാം പകുതിയില്‍ ഒഗ്ബെച്ചെയ്ക്ക് ചില പ്രതിരോധച്ചുമതലകള്‍കൂടി രണ്ടാം പകുതിയില്‍ ഷട്ടോരി നല്‍കുകയും ചെയ്തു.

ആദ്യകളിയില്‍ തകര്‍ത്തുകളിച്ച മുസ്തഫ മുംബൈ പ്രതിരോധത്തിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു. മുസ്തഫയെ തളച്ചാല്‍ ഒഗ്ബെച്ചെയിലേക്കുള്ള പന്തിന്റെ വിതരണം തടസ്സപ്പെടുമെന്നുള്ള അവരുടെ കണക്കുകൂട്ടല്‍ വിജയിച്ചു. ഫൈനല്‍ തേര്‍ഡില്‍ എത്രമാത്രം അപകടകാരിയാണെന്ന് രണ്ടുതവണ പന്ത് ലഭിച്ചപ്പോള്‍ ഒഗ്ബെച്ചെ തെളിയിക്കുകയും ചെയ്തു.

മധ്യഭാഗത്തുനിന്നുള്ള പന്തിന്റെ വിതരണം തടസ്സപ്പെട്ടതോടെ പെട്ടെന്നൊരു മറുതന്ത്രം ഷട്ടോരി നടപ്പാക്കിയില്ല. വിങ്ങര്‍മാര്‍ മങ്ങിയതോടെ ബോക്‌സിലേക്കുള്ള പാസുകളും ക്രോസുകളും കുറഞ്ഞു. എട്ട് ക്രോസുകള്‍ മാത്രമാണ് മുംബൈ ബോക്‌സിലേക്ക് വന്നത്.

തന്ത്രങ്ങളിലെ മാറ്റം

രണ്ടാം പകുതിയില്‍ കെ.പി. രാഹുലും പിന്നീട് സഹല്‍ അബ്ദുസമദും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് ലഭിച്ച ഉണര്‍വ് ശ്രദ്ധേയമാണ്. ഇതോടെ ടീം 4-4-2 ശൈലിയിലേക്ക് പോകുകയും ചെയ്തു. ഒഗ്ബെച്ചെയെപ്പോലൊരു കളിക്കാരന് നിരന്തരം പന്തെത്തിക്കാന്‍ കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ തലവര തെളിയും. ഇതിന് മധ്യനിരയില്‍ രണ്ട് ക്രിയേറ്റീവായ താരങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്. സഹലോ, ആര്‍ക്വസോ ആദ്യ ഇലവനില്‍ വരുന്നതോടെ ഇക്കാര്യം പരിഹരിക്കപ്പെടും.

രണ്ടാമത്തെ കളിയിലും പൊസഷന്‍ ഫുട്ബോള്‍ വിജയകരമായി കളിക്കാന്‍ കഴിഞ്ഞത് ഷട്ടോരിക്ക് ആത്മവിശ്വാസം പകരും. പ്രതിരോധനിരയുടെ ഒരു നിമിഷത്തെ അലസത മാറ്റിനിര്‍ത്തിയാല്‍ ടീം കളത്തില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. പ്രമുഖതാരങ്ങള്‍ ആദ്യഇലവനില്‍ ഇടംപിടിക്കുന്നതോടെ പൊസഷന്‍-പാസിങ് ഗെയിം മികവോടെ പുറത്തെടുക്കാന്‍ ടീമിനാകുമെന്നാണ് ആദ്യ രണ്ടു മത്സരങ്ങള്‍ തെളിയിക്കുന്നത്.

Content Highlights: Kerala Blasters vs Mumbai City FC Match Analysis