മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍. വ്യാഴാഴ്ച മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

കഴിഞ്ഞ കളിയില്‍ അവസാനനിമിഷം വിജയം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ബ്ലാസ്റ്റേഴ്സ്. 90-ാം മിനിറ്റിലാണ് എഫ്.സി. ഗോവ കൊച്ചിയില്‍ കേരള ടീമിനെതിരേ സമനിലപിടിച്ചത്. എതിര്‍ ടീമിനേക്കാള്‍ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് തലവേദന. പ്രതിരോധനിരക്കാരന്‍ ജിയാനി സുയ്വര്‍ലൂണ്‍, മധ്യനിരതാരങ്ങളായ മരിയോ അര്‍ക്വസ്, മുസ്തഫ നിങ് എന്നിവര്‍ മുംബൈയ്‌ക്കെതിരേ കളിക്കാനുണ്ടാകില്ല. മുന്നേറ്റത്തില്‍ വിദേശതാരങ്ങളായ ബര്‍ത്തലോമ്യു ഒഗ്ബെച്ച-മെസ്സി ബൗളി സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ.

ലീഗില്‍ ആറു കളിയില്‍നിന്ന് അഞ്ചു പോയന്റുള്ള ടീമിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. കൊച്ചിയില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ മുംബൈയാണ് ജയിച്ചത്.

കഴിഞ്ഞസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 6-1ന് തകര്‍ത്തതിന്റെ ഓര്‍മകളുമായിട്ടാകും മുംബൈ ഇറങ്ങുന്നത്. അന്ന് നാലുഗോള്‍ നേടിയ മോദു സൗഗു ഇത്തവണയും ടീമിലുണ്ട്. ആക്രമണത്തിന് നാല് വിദേശതാരങ്ങളെയാണ് ടീം ഉപയോഗിക്കുന്നത്. ടുണീഷ്യ താരം ആമിനെ ചെര്‍മിറ്റി ഏക സ്ട്രൈക്കറാകുമ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ സൗഗു-മുഹമ്മദ് ലാര്‍ബി-ഡീഗോ കാര്‍ലോസ് എന്നിവര്‍ കളിക്കും. ഇന്ത്യന്‍ താരങ്ങളാണ് മുംബൈ പ്രതിരോധത്തില്‍. സാര്‍ഥക് ഗോലൂയ്-പ്രാഥിക് ചൗധരി സഖ്യമാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുന്നത്.

Content Highlights: Kerala Blasters vs Mumbai City FC ISL 2019