കൊച്ചി: വിസ്മയക്കണ്ണുകളുമായി പതിനൊന്ന് കുരുന്നുകൾ മഞ്ഞക്കടലിരമ്പത്തിലേയ്ക്ക് ആർത്തലച്ചിറങ്ങി. നാട്ടുതൊടിയിലെ കാൽപന്ത് ലഹരിയുമായി കൊച്ചിയിലെത്തിയ മലപ്പുറത്തെ ഫുട്ബോൾ ക്ലബ്ബിലെ കുട്ടികളാണ് കൊച്ചിയിലെ മഞ്ഞക്കടലിൽ മുങ്ങിക്കുളിച്ചത്. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊപ്പം അവരും ആർപ്പുവിളിച്ചു, തുള്ളിച്ചാടി.

ഫുട്ബോൾ വാങ്ങാനായി നിലമ്പൂർ മമ്പാട് തെക്കുംപുറത്തെ ഫുട്ബോൾ കൂട്ടം യോഗം ചേർന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക പ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് കുട്ടികളുടെ ഫുട്ബോൾ യോഗം മൊബൈലിൽ പകർത്തിയത്. സംഭവം വൈറലായെങ്കിലും തങ്ങൾ ഇത്രയും പ്രശസ്തരായ വിവരമൊന്നും കുട്ടിക്കൂട്ടം അറിഞ്ഞിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ഷണമനുസരിച്ചാണ് കുട്ടികൾ എത്തിയത്. കോർപ്പറേറ്റ് ബോക്സിലിരുന്ന് അവർ കളികണ്ടു. ആദ്യമായാണ് ഇത്രയും വലിയൊരു മത്സരം നേരിൽക്കാണുന്നത്.

കൂട്ടത്തിലുണ്ടായിരുന്ന പെൺതരി കുഞ്ഞാവയെ അന്വേഷിച്ചപ്പോൾ അവളെ അറിയുമോന്നു മറുചോദ്യം. വീഡിയോയിൽ കണ്ടെന്ന് പറഞ്ഞപ്പോൾ അത്ഭുതം. ബ്ലാസ്റ്റേഴ്സ് ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ ജയിക്കും എന്ന ഉറച്ച മറുപടി. ഒഗ്‌ബച്ചേ ഗോളടിക്കുമോ, ഒഡിഷ നല്ല ടീമാണോ, ഈ സ്റ്റേഡിയത്തിൽ എത്ര സീറ്റുണ്ട്, ഇന്നെത്ര കാണികളുണ്ട് തുടങ്ങി സംശയങ്ങളുടെ പെരുമഴ.

സ്കൂൾ ടൂറിന്റെ ഭാഗമായി കൊച്ചിയിൽ വന്നിട്ടുണ്ട് മിക്കവരും. മെട്രോയിലും ലുലു മാളിലുമൊക്കെ പോയിട്ടുണ്ട്. എന്നാൽ സ്റ്റേഡിയത്തിൽ ആദ്യം. നിലമ്പൂർ മമ്പാട് തെക്കുംപുറത്തെ ഫ്രണ്ട്സ് ഫുട്ബോൾ ക്ലബ്ബാണ് ഇവരുടേത്. കുട്ടികൾക്കു മാത്രമല്ല തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നെന്ന് പ്രശാന്ത് നിലമ്പൂർ പറയുന്നു. സുശാന്തിന്റെ കാറിലാണ് 11 അംഗ സംഘമെത്തിയത്.

യോഗം ചേരാനുള്ള ഐഡിയ ആരുടേതാണെന്നു ചോദിച്ചപ്പോൾ, ഞങ്ങടെ എല്ലാരുടെയും എന്ന നിഷ്കളങ്കമായ മറുപടി. ഏഴാം ക്ലാസിൽ പഠിക്കുന്ന അദിനാണ് ക്ലബ് പ്രസിഡന്റ്, അർജുൻ സെക്രട്ടറിയും. നിഹാദാണ് ഫുട്ബോൾ ടീമിന്റെ ഗോളി. ഇവർക്കൊപ്പം അജിൻ രാജ്, മിഥുൻ, ആദിത്യൻ, അലൻ, അഭിജിത്ത്, അഥർവ്, കാശിനാഥ്, നിഷാജ് എന്നിവരാണ് കൊച്ചിയിൽ കളി കാണാനെത്തിയത്.

Content Highlights: Kerala Blasters Viral Video Children From Nilambur Football