കൊച്ചി: അവിയലും കാളനും തോരനും കൂട്ടുകറിയും ഉപ്പേരിയുമൊക്കെ നിറഞ്ഞിരിക്കുന്ന ഇലയിലേക്ക് നോക്കി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍ക്കോ ഷറ്റോരി ഒരു നിമിഷം സംശയിച്ചിരുന്നു. സദ്യകഴിക്കാന്‍ നല്‍കിയ സ്പൂണ്‍ എടുക്കണോ വേണ്ടയോ, പിന്നെ ജുബ്ബയുടെ കൈകള്‍ മുകളിലേക്ക് ചുരുട്ടിവെച്ച്, സ്പൂണിന് അവധിനല്‍കി സദ്യയുടെ രസത്തിലേക്ക് കിക്കോഫ്.

പരിശീലകന്റെ പാത പിന്തുടര്‍ന്ന് സ്പാനിഷ് താരങ്ങളായ മാരിയോ ആര്‍ക്വസും സിഡോഞ്ചയും ബ്രസീലിയന്‍ താരം ജെയ്റോയും നൈജീരിയന്‍ താരം ഒഗ്ബെച്ചേയുമൊക്കെ അസ്സലായി സദ്യ ഉണ്ടു. എന്നിട്ട് പറഞ്ഞു, ഓണം...ഹാപ്പി.

യു.എ.ഇ.യിലെ പര്യടനം റദ്ദാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓണാഘോഷം ശനിയാഴ്ച കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്നു. കസവുമുണ്ടിനൊപ്പം നീലനിറത്തിലുള്ള ജുബ്ബയണിഞ്ഞാണ് കളിക്കാരെത്തിയത്. മഞ്ഞ ജുബ്ബയിലായിരുന്നു കോച്ച് ഷറ്റോരിയും സപ്പോര്‍ട്ടിങ് സ്റ്റാഫുമെത്തിയത്.

വിഭവങ്ങള്‍ നിറഞ്ഞ സദ്യയാണ് വിദേശതാരങ്ങളെ അമ്പരപ്പിച്ചത്. സദ്യ കഴിഞ്ഞതോടെ ടീം വടംവലിയുടെ ആവേശത്തിലേക്ക് കൂടുമാറി. പരിശീലകനും നായകനുമൊക്കെ കളത്തിലിറങ്ങിയ സുന്ദരിക്ക് പൊട്ടുകുത്തല്‍ മത്സരത്തില്‍ ജയിച്ചത് സ്പാനിഷ് താരം മരിയോയായിരുന്നു.

Content Highlights: Kerala Blasters Onam Celebration Manjappada ISL 2019