കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകള്‍ ആരാധകരില്‍ നിന്നും ക്ഷണിക്കുന്നു. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രൂപകല്‍പനകള്‍ 2019 സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ സമര്‍പ്പിക്കാം.

തിരഞ്ഞെടുക്കുന്ന ഡിസൈന്‍ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉള്‍പ്പെടുത്തുകയും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബിഎഫ്സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും. 

ആരാധകര്‍ക്ക് വളരെ ലളിതമായ രീതിയില്‍ ഈ മത്സരത്തിന്റെ ഭാഗമാകാം. കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകല്‍പ്പന ചെയ്യേണ്ടത്. സൃഷ്ടികള്‍ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഡിസൈന്‍ ദി മാസ്‌കോട്ട്എന്ന പ്രത്യേക ടാബില്‍ ജെപിഇജി, പിഎന്‍ജി, ജിഐഎഫ് ഫോര്‍മാറ്റുകളില്‍ അപ്ലോഡ് ചെയ്യുക. അന്തിമ രൂപകല്‍പ്പന ഏഴ് അടി ഉയരത്തില്‍ അളക്കാവുന്നതായിരിക്കണം.

ഈ സംരംഭത്തിലൂടെ ഈ സീസണിലെ ക്ലബ്ബിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളിലും ആരാധകരെ ഉള്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്‍പ് ആരാധകര്‍ക്കായി കെബിഎഫ്‌സി ട്രൈബ്‌സ് പദ്ധതിയും ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Kerala Blasters Mascot Design ISL 2019