കൊച്ചി: ''പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ, എനിക്ക് ഒരു സിസ്റ്റമുണ്ട്. അതിലേക്ക് എത്താത്ത കളിക്കാര്‍ എത്ര പ്രതിഭാധനരായാലും ശരി, ടീമിലേക്ക് വരാനാകില്ല...'' ഐ.എസ്.എല്ലില്‍ മുംബൈക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിക്കുശേഷം കോച്ച് എല്‍ക്കോ ഷട്ടോരി നയം വ്യക്തമാക്കി.

മലയാളിതാരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ കളിക്കാത്തതെന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഷട്ടോരിയുടെ വാക്കുകള്‍.

''യാഥാര്‍ഥ്യബോധത്തോടെ മത്സരങ്ങളെ സമീപിക്കാനാണ് എനിക്കിഷ്ടം. സഹല്‍ പ്രതിഭാശാലിയായ കളിക്കാരനാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, പ്രീ-സീസണില്‍ നാലാഴ്ചയോളം സഹല്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. എന്റെ സിസ്റ്റത്തിലേക്ക് വരാന്‍ സഹല്‍ അല്പംകൂടി സമയമെടുക്കും. അതുകൊണ്ടുതന്നെയാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സഹലിനെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്നത്...''

മുംബൈക്കെതിരായ മത്സരത്തില്‍ സഹല്‍ പകരക്കാരനായെത്തിയിട്ടും വിചാരിച്ചപോലെ കാര്യങ്ങള്‍ ചെയ്യാനായില്ലെന്നും ഷട്ടോരി പറയുന്നു. ''മുംബൈക്കെതിരേ രണ്ടാം പകുതിയില്‍ കെ.പി. രാഹുലിനെയും മെസ്സിയെയും പകരക്കാരായി കൊണ്ടുവന്നിരുന്നു. എന്നാല്‍ മൂന്നാം പകരക്കാരനായ സഹലിന്റെ വരവ് വിചാരിച്ചപോലെ കാര്യങ്ങള്‍ നടത്തിയില്ല. ഇടതുവിങ്ങില്‍ മെസ്സിക്കും ഒഗ്ബെച്ചേക്കും പിന്നില്‍നിന്ന് അവര്‍ക്ക് പന്ത് നല്‍കാനായിരുന്നു സഹലിനോട് ഞാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അത് ഭംഗിയായി നടക്കാതെ പോയി...'' ഷട്ടോരി പറഞ്ഞു.

ടീമിന്റെ പ്രതിരോധത്തെക്കുറിച്ചും ചില ആശങ്കകള്‍ ഷട്ടോരി പങ്കുവെക്കുന്നുണ്ട്. മുംബൈക്കെതിരായ മത്സരത്തില്‍ രണ്ടു ഇഞ്ചക്ഷന്‍ എടുത്താണ് സെന്റര്‍ ബാക്കായ ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗ്സ് കളിച്ചത്. മറ്റൊരു സെന്റര്‍ ബാക്കായ ഡച്ച് താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

Content Highlight: Kerala Blasters Manjappada ISL 2019 Sahal Abdul samad