കൊച്ചി: ഐ.എസ്.എല്‍. ഫുട്ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹാരത്തിലേക്ക്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മത്സരങ്ങള്‍ക്ക് കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നതിനുള്ള വാടക, സെക്യൂരിറ്റി തുക, സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യത്തിലാണ് തര്‍ക്കമുണ്ടായിരുന്നത്. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് നല്കിയിരുന്ന വാടക. ഇത് ആറ് ലക്ഷമാക്കണമെന്ന ജി.സി.ഡി.എ.യുടെ ആവശ്യം ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചു. 

സെക്യൂരിറ്റി തുക ഒരു കോടിയായി നിലനിര്‍ത്തും. ടോയ്ലറ്റുകളുടെയും മറ്റ് അറ്റകുറ്റപ്പണികള്‍ ജി.സി.ഡി.എ. ചെയ്യും. കസേര നന്നാക്കേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞദിവസം സമിതിയംഗവും സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ സഞ്ജയന്‍ കുമാറിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ചര്‍ച്ചകള്‍ ഫലം കണ്ടതായും പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിക്കപ്പട്ടതായും കായികമന്ത്രി ഇ.പി. ജയരാജന്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജി.സി.ഡി.എ.യും കോര്‍പ്പറേഷനുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ട സാഹചര്യമാണുള്ളതെന്ന് ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഫുട്ബോളിനു മാത്രമായി വിട്ടുനല്‍കാനാവില്ല -ജി.സി.ഡി.എ.

ഫുട്ബോള്‍ മത്സരത്തിന് സ്റ്റേഡിയം വിട്ടുനല്‍കിയ ശേഷമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കേണ്ടത് കേരളാ ബ്ലാസ്റ്റേഴ്സാണെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ വി. സലിം. 24 കോടി രൂപ ചെലവിട്ട് 2017-ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുവേണ്ടി അറ്റകുറ്റപ്പണി നടത്തിയ സ്റ്റേഡിയത്തില്‍ അതിനുശേഷം ഐ.എസ്.എല്‍. മത്സരമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഒമ്പത് മത്സരങ്ങള്‍ക്കുവേണ്ടി സ്റ്റേഡിയം വര്‍ഷം മുഴുവനും ബ്ലാസ്റ്റേഴ്സിനു വിട്ടുനല്കാനാവില്ല. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് സമീപിച്ചാല്‍ സ്റ്റേഡിയം വിട്ടുനല്‍കുമെന്നും ജി.സി.ഡി.എ. ചെയര്‍മാന്‍ പറഞ്ഞു.

Content Highlights: Kerala Blasters GCDA Kaloor Stadium ISL 2019