ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടം നേടിയ എ.ടി.കെ. കൊല്‍ക്കത്ത ടീമിലെ മലയാളിയാണ് തിരുവനന്തപുരത്തുകാരന്‍ ജോബി ജസ്റ്റിന്‍. ഫൈനലില്‍ കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും സീസണില്‍ കൊല്‍ക്കത്ത നിരയില്‍ പ്രധാനിയായിരുന്നു ഈ മുന്നേറ്റനിര താരം. കിരീടജയത്തിനുശേഷം ജോബി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വിജയികളുടെ ഭാഗമായി. കിരീടനേട്ടം എങ്ങനെ കാണുന്നു.

കരിയറിലെ ആദ്യ പ്രധാന കിരീടജയമാണിത്. അതുകൊണ്ടുതന്നെ മധുരം കൂടും. ഫൈനലില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.

ഫൈനലില്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നോ.

ഗ്രൂപ്പ് ഘട്ടത്തില്‍ ഗോവയ്‌ക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ഗോളും നേടി. ഫൈനലില്‍ കുറച്ചുസമയം കളിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റോയ് കൃഷ്ണയുടെ പരിക്ക് തിരിച്ചടിയായി. ഇതോടെ ടീമിന്റെ ഗെയിംപ്ലാന്‍ മാറി.

എ.ടി.കെ. ടീമിനൊപ്പമുള്ള അനുഭവം.

മികച്ചതാരങ്ങള്‍, അനുഭവസമ്പത്തുള്ള പരിശീലകന്‍. പുതുതായി ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ആറു മത്സരങ്ങളില്‍ ഇത്തവണ കളിച്ചു. ഇതില്‍ നാലില്‍ ആദ്യ ഇലവനില്‍ ഇറങ്ങി. മൂന്നുവര്‍ഷമാണ് ടീമുമായുള്ള കരാര്‍.

ടീമില്‍ ആരാധനതോന്നിയ താരം.

റോയ് കൃഷ്ണ. ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുതരും. ഒരേ പൊസിഷനില്‍ കളിക്കുന്നതുകൊണ്ടുള്ള അടുപ്പവുമുണ്ട്. റോയ് നന്നായി ഹിന്ദി സംസാരിക്കും. ആശയവിനിമയം എളുപ്പമാകുന്നുണ്ട്.

അടച്ചിട്ട സ്റ്റേഡിയത്തിലെ കളി.

ഫൈനലിന്റെ തലത്തിലേക്ക് ആവേശം വന്നില്ല. കാണികള്‍ ഉണ്ടായിരുന്നെങ്കില്‍ കളിക്ക് കൂടുതല്‍ ആവേശമാകുമായിരുന്നു.

കിരീടം നേടിയശേഷം ആഘോഷിച്ചോ.

കാര്യമായ ആഘോഷമുണ്ടായിരുന്നില്ല. കൊറോണ ഭീതി ഉള്ളതിനാല്‍ വിദേശതാരങ്ങള്‍ക്ക് നേരത്തേ മടങ്ങേണ്ടിയിരുന്നു. ഫൈനലിനുശേഷം രാത്രിതന്നെ കൊല്‍ക്കത്തയിലേക്ക് മടങ്ങി.

പരിശീലകന്‍ ഹെബാസിനെപ്പറ്റി.

അച്ചടക്കത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഓരോ കളിക്കാരനെയും മനസ്സിലാക്കി അവസരങ്ങള്‍ നല്‍കും. മികച്ച അനുഭവമാണ് അദ്ദേഹത്തിന്റെ കീഴില്‍ കളിക്കുന്നത്.