ജെംഷഡ്പുര്‍:  ഐ.എസ്.എല്‍ പുതിയ സീസണില്‍ മലയാളി താരം സി.കെ വിനീത് ജെംഷഡ്പുര്‍ എഫ്.സിയില്‍. ചെന്നൈയിന്‍ എഫ്.സി വിട്ട വിനീത് ജെംഷഡ്പുര്‍ എഫ്.സിയുമായി ഒരു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജെംഷഡ്പുര്‍ എഫ്.സി വിനീതിനെ ടീമിലേക്ക് സ്വാഗതം ചെയ്തു. 

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിക്ക് ശേഷം ചെന്നൈയിന്‍ എഫ് സിയിലേക്ക് വായ്പാ അടിസ്ഥാനത്തില്‍ മാറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് ഇപ്പോഴും വിനീത്. ബ്ലാസ്‌റ്റേഴ്‌സിനായി 11 ഗോളുകള്‍ നേടി.

ബെംഗളൂരു എഫ്.സി.ക്കൊപ്പം ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് വിജയങ്ങളില്‍ പങ്കാളിയായി. ചിരാഗ് യുണൈറ്റഡ്, പ്രയാഗ് യുണൈറ്റഡ് ടീമുകളില്‍ കളിച്ച വിനീത് ഇന്ത്യയ്ക്കായി ഏഴു മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ബെംഗളൂരു എഫ്.സിയിലേക്ക് താരം തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനിടയിലാണ് മലയാളി താരം ജെംഷഡ്പുര്‍ എഫ്.സിയുമായി കാരറിലെത്തിയത്. 

 

Content Highlights: Jamshedpur FC rope in midfielder CK Vineeth