കോഴിക്കോട്: കൊറോണ ഭീഷണിയിൽ തളരാതെ അടച്ചിട്ട മുറിയിലും പരിശീലനം തുടരുകയാണ് ഗോകുലം കേരളാ ഫുട്ബോൾ ക്ലബ്ബിലെ താരങ്ങൾ. ലക്ഷ്യം അടുത്ത സീസണിലെ മികച്ച പ്രകടനം. ഐ ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിലെത്തുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനിടെയാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾക്ക് കൊറോണ തിരിച്ചടിയായത്.

ഇന്ത്യൻ ആരോസ് ടീമുമായി മാർച്ച് 15-ന് കോഴിക്കോട് നടക്കേണ്ടിയിരുന്ന കളി കാണികളില്ലാതെ നടത്തുമെന്ന് ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മത്സരം റദ്ദാക്കി.

ആരോസിനെതിരേ ജയം നേടിയിരുന്നെങ്കിൽ ഗോകുലത്തിന് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറാമായിരുന്നു. ഐ ലീഗിൽ ബാക്കിയുള്ള കളികൾ ഇനി നടക്കാൻ സാധ്യത കുറവാണ്. എന്നാൽ വിദേശികളടക്കമുള്ള 16 ഗോകുലം താരങ്ങളും പരിശീലകരും കോഴിക്കോട് തങ്ങുകയാണ്. സമയം പാഴാക്കാതെ ശാരീരികക്ഷമത നിലനിർത്തി അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കത്തിലാണ് താരങ്ങൾ.

ടീം ടെക്നിക്കൽ ഡയറക്‍ടർ ബിനൊ ജോർജ്, അർജന്റീനക്കാരനായ കോച്ച് ഫെർണാണ്ടൊ സാന്റിയാഗൊ വരേല, ബ്രസീലുകാരനായ ഫിസിക്കൽ ട്രെയ്നർ മിറാണ്ട ഗാർസിയ എന്നിവരുടെ നിർദേശങ്ങളനുസരിച്ചാണ് താരങ്ങൾ കാലത്തും വൈകീട്ടും കായികക്ഷമത നിലനിർത്താനുള്ള കഠിന പരിശ്രമത്തിലേർപ്പെടുന്നത്. അടച്ചിടൽ പ്രഖ്യാപിക്കുന്നതിനു മുമ്പ് ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയുരുന്നു. ഇതിനുള്ള സാധ്യത അടഞ്ഞതോടെയാണ് സ്വന്തം മുറിയിലേക്ക് താരങ്ങൾ പരിശീലനം ഒതുക്കിയത്. കോട്ടൂളിയിലാണ് ഫ്ലാറ്റിൽ കളിക്കാർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

ട്രിനിഡാഡ് താരങ്ങളായ മാർകസ് ജോസഫ്, നഥാനിയൽ ഗാർസിയ, ആന്ദ്രെ എറ്റിനി, യുഗാൻഡൻ സ്ട്രൈക്കർമാരായ ഹെന്റി കിസീക്ക, ക്രിപ്സൺ എന്നിവരാണ് ടീമിനൊപ്പമുള്ള വിദേശതാരങ്ങൾ. കെ.പി. രാഹുൽ ഒഴികെയുള്ള കേരളതാരങ്ങൾ വീട്ടിലേക്കു മടങ്ങി. ലാൽറോം മാവിയ, ടി. സെബാസ്റ്റ്യൻ, അശോക് സിങ്, നോച്ച സിങ്, വുൻഗുനാംഗെ മൊയ്രാങ്, മായക്കണ്ണൻ, ധർമരാജ് രാവണൻ, ദീപക്, റോഹിമിൻതാങ്, മലേംഗാംബ മീത്തെയ് എന്നിവർ മറുനാടൻ താരങ്ങളാണ്.

Content Highlights:ISL Team Gokulam Kerala FC Players Practice in Flats