ഗുവാഹട്ടി: അസമാവോ ഗ്യാനിന്റെ ഗോൾ. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നാട്ടിൽ ഒന്നാന്തരമൊരു ദീപാവലി ആഘോഷം. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി.യെ സമനിലയിൽ തളച്ചവർ സ്വന്തം തട്ടകത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. നോർത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണിത്. ഒഡിഷയുടെ തുടർച്ചയായ രണ്ടാം തോൽവിയും.

രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടിയശേഷം നോർത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു. എൺപത്തിമൂന്നാം മിനിറ്റിലായിരുന്നു ഗ്യാനിന്റെ നിർണായക ഗോൾ.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ  മിഡ്ഫീൽഡർ റെഡീം തലാങ്ങാണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്.  ഒഡിഷയുടെ ഗോൾ ഏരിയയിൽ ട്രിയാഡിസിന് പന്ത് കിട്ടുമ്പോൾ മധ്യഭാഗത്ത് പൂർണമായും മാർക്ക് ചെയ്യപ്പെടാതെ ഓടിയിറങ്ങുകയായിരുന്നു റെഡീം. നാല് പ്രതിരോധഭടന്മാരുടെ മുന്നിലൂടെ പന്ത് കിട്ടിയ റെഡീം ഒട്ടും അമാന്തിച്ചില്ല. ആയാസപ്പെടാതെ തന്നെ പന്ത് വലയിലെത്തിച്ചു.

ഒന്നാം പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിട്ടുനിൽക്കുകയായിരുന്നു നോർത്ത് ഈസ്റ്റ്.

മുപ്പത്തിനാലാം മിനിറ്റിൽ ഗോൾ മടക്കാൻ ഒഡിഷയ്ക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു.  ഒഡിഷയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച അവസരമായിരുന്നു അത്. ഫ്രീകിക്കിനുശേഷം ബോക്സിൽ കാർലോസ് ഡെൽഗാഡോ പ്രതിരോധനിരക്കാരനൊപ്പം ചാടി ഹെഡ്ഡ് ചെയ്തു. ഗോളി സുഭാഷിഷ് റോയ് ചാടിയാണ് പന്ത് കുത്തിയകറ്റിയത്.

 എഴുപതാം മിനിറ്റ് വരെ കാക്കേണ്ടിവന്നു ഒഡിഷയ്ക്ക് ഗോൾ മടക്കാൻ. 

വലതു പാർശ്വത്തിൽ നിന്ന് ഡിയാഗ്നെ നൽകിയ പാസ് ഒന്ന് പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്തിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ സിസ്കോയ്ക്ക്. ഒഡിഷ ഒപ്പമെത്തി.

 എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ അവർക്ക് മറ്റൊരു തിരിച്ചടിയേറ്റു. പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് മടങ്ങി. പന്തുമായി മുന്നേറുന്ന ബെരേയ്​രോയെ പിന്നിൽ നിന്ന് തോളിൽ പിടിച്ചുവലിച്ചതിനാണ് റഫറി ചുവപ്പ് കാർഡ് കാട്ടിയത്.

 എൺപതിമൂന്നാം മിനിറ്റിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗ്യാനിന്റെ ഗോൾ. പന്ത് കോർണർ ഫ്ലാഗിൽ നിന്ന് പറന്നുവരുമ്പോൾ കാര്യമായ മാർക്കിങ്ങില്ലാതെ നിൽക്കുകയായിരുന്നു ബോക്സിൽ ഗ്യാൻ. ഗ്യാപ്പ് കണ്ടെത്തി അളന്നുമുറിച്ചൊരു ഹെഡ്ഡർ തൊടുത്തു വലയിലേയ്ക്ക്. നോർത്ത് ഈസ്റ്റ് വീണ്ടും മുന്നിൽ.

തത്സമയ വിവരണങ്ങൾ താഴെ വായിക്കാം

Content Highlights: ISL NorthEast United FC Odisha FC Soccer