ജംഷേദ്പുർ: വിജയപരമ്പര തുടരാൻ കൊതിച്ച ജംഷേദ്പുരിനും ആദ്യ ജയം സ്വപ്നം കണ്ട ബെംഗളൂരുവിനു നിരാശ നിറഞ്ഞ സമനില. ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു ഇരുവരും.

 ജയം തുടരാനായില്ലെങ്കിലും മൂന്ന് കളികളിൽ നിന്ന് ഏഴു പോയിന്റുള്ള ജംഷേദ്പുർ ഒന്നാം സ്ഥാനത്തേയ്ക്കു കയറി. മൂന്ന് പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്തുമെത്തി. അവരുടെ തുർച്ചയായ മൂന്നാം സമനിലയാണിത്.

ഉരുക്കുകോട്ട തീർത്ത് ഗോൾവല കാത്ത ഗോളികൾ അരങ്ങുവാണ മത്സരമായിരുന്നു സ്റ്റീൽ നഗരത്തിലേത്. ജെംഷേദ്പുർ ഗോളി സുബ്രത പോളും ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധുവുമാണ് കളിയിലെ കേമന്മാർ. സുബ്രതോ ഗോളെന്ന് ഉറച്ച അര ഡസനിലേറെ അവസരങ്ങൾക്ക് മുന്നിലാണ് വഴിമുടക്കി നിന്നത്. രണ്ട് ഗോളവസരങ്ങൾ അവിശ്വസനീയമാംവണ്ണം ഗുർപ്രീതും തടഞ്ഞു.

ജംഷേദ്പുരാണ് ആദ്യ മുന്നേറ്റം നടത്തിയത്. പിന്നീട് കളിയിലുടനീളം ബെംഗളൂരുവായിരുന്നു. എണ്ണമറ്റ നീക്കങ്ങളാണ് അവർ ആതിഥേയരുടെ പോസ്റ്റിലേയ്ക്ക് നടത്തിയത്. പക്ഷേ, സുബ്രതോയെ തോൽപിക്കാൻ മാത്രമായിില്ല. പതിനൊന്നാം മിനിറ്റിൽ ജുവാൻ തൊടുത്ത ക്ലീൻ ഹെഡ്ഡർ കുത്തിയകറ്റിക്കൊണ്ടായിരുന്നു സുബ്രതോയുടെ സേവിങ് പരമ്പരയുടെ തുടക്കം. എട്ടു മിനിറ്റിനുശേഷം ഹർമൻജോത് ഖാബ്രയുടെ ഒരു ടാപ്പ് അവിശ്വസനീയമായാണ് സുബ്രതോ രക്ഷിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഷിക്ക് കുരുണിയന്റെ ആസിൽ മാന്വൽ ഒൻവു തൊട്ടു മുൻപിൽ നിന്നു തൊടുത്ത ഷോട്ടും സുബ്രതോ തടഞ്ഞു.

മറുഭാഗത്ത് ഗുർപ്രീതും ഒട്ടും മോശമാക്കിയില്ല. അമ്പത്തിമൂന്നാം മിനിറ്റിൽ മൊബാഷിറിന്റെ വെടിയുണ്ട ഗുർപ്രീത് തടയുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്ന് മിനിറ്റിനുള്ളിൽ ജെഷേദ്പുരിന്റെ ഫാറൂഖ് ചൗധരിയുടെ ഒരു മാജിക്കൽ ഗോൾശ്രമം കണ്ടു. ഗുർപ്രീതിന്റെ മാജിക്കൽ സേവും. പോസ്റ്റിന്റെ തൊട്ടുമുൻപിൽ നിന്ന് തൊടുത്ത റിവേഴ്സ് ബൈസിക്കിൾ കിക്ക് ഒറ്റക്കൈ കൊണ്ടാണ് ഗുർപ്രീത് രക്ഷിച്ചത്. ഒന്ന് ആലോചിക്കാനുള്ള സമയം  പോലമുണ്ടായിരുന്നില്ല ഇന്ത്യൻ ഗോൾലയം കാക്കുന്ന ഗുർപ്രീതിന്.

തത്സമയ വിവരണങ്ങൾ താഴെ വായിക്കാം (അപ്ഡേറ്റുകൾ കാണുന്നില്ലെങ്കിൽ പേജ് റിഫ്രഷ് ചെയ്യുക)

Content Highlights: ISL Indian Super League Jamshedpur FC Bengaluru FC Football