ഗുവാഹട്ടി: തുടർച്ചയായ രണ്ട് സമനിലകൾക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തിയ എ.ടി.കെ. കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഏഴു കളികളിൽ നിന്ന് പതിനാല് പോയിന്റുമായാണ് ബെംഗളൂരു എഫ്.സി.യെ മറികടന്ന് കൊൽക്കത്ത ഒന്നാമതെത്തിയത്. ബെംഗളൂരുവിന് ഏഴു കളികളിൽ നിന്ന് പതിമ്മൂന്ന് പോയിന്റാണുള്ളത്.

നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന  മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കൊൽക്കത്തയുടെ ജയം.

സ്ട്രൈക്കർ റോയ് കൃഷ്ണയുടെ ഇരട്ടഗോളിന്റെ ബലത്തിലാണ് കൊൽക്കത്ത േനാർത്ത് ഈസ്റ്റിനെതിരേ അനായാസ ജയം സ്വന്തമാക്കിയത്.
 
പതിമ്മൂാം മിനിറ്റിൽ തന്നെ സ്ട്രൈക്കർ ഡേവിഡ് വില്ല്യംസിന്റെ ഗോളിൽ കൊൽക്കത്ത ലീഡ് നേടിയിരുന്നു. നോർത്ത് ഈസ്റ്റ് അൽപം തളർന്ന അവസരം മുതലെടുത്താണ് കൊൽക്കത്ത ലീഡ് നേടിയത്. വലതു പാർശ്വത്തിലൂടെ കുതിച്ചുപാഞ്ഞ പബ്രീർ ദാസ് കൊടുത്ത ക്രോസാണ് ഡേവിഡ് വില്ല്യംസ് ഹെഡ് ചെയ്ത് വലയിലിട്ടത്. നോർത്ത് ഈസ്റ്റ് പ്രതിരോധം ഒരു ഗോൾലൈൻ സേവിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മുപ്പത്തിയഞ്ചാം മിനിറ്റിലായിരുന്നു റോയ് കൃഷ്ണയുടെ ആദ്യ ഗോൾ. നോർത്ത് ഈസ്റ്റിന്റെ ദുർബലമായ പ്രതിരോധമാണ് ഗോളിന് വഴിവച്ചത്. ഡേവിഡ് വില്ല്യംസ് കൊടുത്ത ത്രൂബോളുമായി കുതിച്ച റോയ് ഒരു ഡിഫൻഡറെ വെട്ടിച്ച് കടന്ന് സ്വസ്ഥമായി വലയിലേയ്ക്ക് പന്ത് ചെത്തിയിടുകയായിരുന്നു.

പിന്നീട് നിരവധി അവസരങ്ങൾ തുലച്ചുകളഞ്ഞശേഷമായിരുന്നു കൊൽക്കത്തയുടെ മൂന്നാമത്തെ ഗോൾ. ജോബി ജസ്റ്റിൻ സ്വന്തം ഏരിയയിൽ നിന്ന് പിടിച്ചെടുത്ത പന്തുമായി കുതിച്ച് നോർത്ത് ഇൗസ്റ്റ് ഏരിയയിലെ ഒഴിഞ്ഞ ഇടം കണ്ടെത്തി റോയ് കൃഷ്ണയ്ക്ക് നൽകി. റോയ്ക്ക് യാതൊരു പിഴവും സംഭവിച്ചില്ല. ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ  കൊൽക്കത്ത മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ.

ഈ സീസണിൽ നോർത്ത് ഈസ്റ്റിനെ തോൽപിക്കുന്ന ആദ്യ ടീമെന്ന ഖ്യാതി അങ്ങനെ കൊൽക്കത്തയ്ക്ക് സ്വന്തമായി. ഏഴ് കളികളിൽ രണ്ട് ജയവും നാല് സമനിലയും സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് പത്തു പോയിന്റുമായി നാലാമതാണ്.

Content Highlights: ISL Football North East United ATK Kolkata Soccer Point Table Roy Krishna