ബെംഗളൂരു: ഐ.എസ്.എല്ലിലെ രണ്ടാം മത്സരം സമനിലയില്‍. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ഇരുടീമുകള്‍ക്കും മഴ കാരണം താളം കണ്ടെത്താനായില്ല.

മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരുവിന്റെ ജഴ്‌സിയില്‍ അരങ്ങേറി. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയില്‍ റാഫേല്‍ അഗസ്റ്റോ സൃഷ്ടിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ബെംഗളൂരുവിന്റെ മുന്നേറ്റ താരങ്ങള്‍ക്കായില്ല. ആഷിഖ് കുരുണിയനും ഉദാന്ത സിങ്ങുമെല്ലാം ഷോട്ട് പുറത്തേക്ക് അടിച്ചു കളഞ്ഞു.

അതേസമയം അസമാവോ ഗ്യാനെ മുന്‍നിര്‍ത്തിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ കളി. പക്ഷേ ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊട്ടിക്കാന്‍ ഗ്യാനിന് കഴിഞ്ഞില്ല. ഇതോടെ ഗോള്‍ അകന്നുനിന്നു. 51-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഗ്യാന്‍ തൊടുത്ത ഷോട്ട് ബാറില്‍ തട്ടി പുറത്തുപോയി.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സാണ് ഇപ്പോള്‍ മൂന്ന് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

 

തത്സമയ വിവരണങ്ങള്‍ താഴെ വായിക്കാം

Content Highlights: ISL Bengaluru FC NorthEast United Football Soccer