ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറു സീസണ്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ ഫുട്ബോളിലെ പ്രധാന പ്രശ്‌നമായ സ്ട്രൈക്കര്‍ ക്ഷാമത്തിന് പരിഹാരമാകുന്നില്ല. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ മാറ്റിനിര്‍ത്തിയാല്‍ കിടയറ്റ സ്ട്രൈക്കര്‍ ഇത്തവണത്തെ ലീഗിലും പിറവിയെടുത്തില്ല. ലീഗില്‍ കളിച്ച പത്തു ടീമുകളിലായി ഛേത്രിക്ക് മാത്രമേ കാര്യമായി കളിക്കാന്‍ അവസരം കിട്ടിയുള്ളൂ.

ഒരേയൊരു ഛേത്രി

ആറാം സീസണിലെ 95 കളിയില്‍നിന്നായി പിറന്നത് 294 ഗോള്‍. ഇതില്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍മാരുടെ സംഭാവന 19 ഗോള്‍. ഇതില്‍ ഒമ്പതുഗോള്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സുനില്‍ ഛേത്രിയുടെ വക. പത്തു ടീമുകളിലുമായി 16 ഇന്ത്യന്‍ സ്ട്രൈക്കര്‍മാരുണ്ടായിരുന്നു. 17 മത്സരത്തില്‍ ഛേത്രി 1530 മിനിറ്റ് കളത്തിലുണ്ടായിരുന്നു. കളിസമയത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജംഷേദ്പുര്‍ എഫ്.സി.യുടെ സുമിത് പാസി 14 കളിയില്‍ ഇറങ്ങി. കളത്തില്‍ ചെലവിട്ടത് 887 മിനിറ്റ്. ഒരു ഗോള്‍ നേടി. രണ്ടുഗോള്‍ വീതം നേടിയ മന്‍വീര്‍ സിങ്ങും ലിസ്റ്റണ്‍ കോളോസയുമാണ് ഛേത്രിക്ക് പിറകിലുള്ള ഗോള്‍വേട്ടക്കാര്‍.

വിദേശാധിപത്യം

ആറു സീസണുകളിലും സ്ട്രൈക്കര്‍ റോളില്‍ വിദേശാധിപത്യമാണ്. സുനില്‍ ഛേത്രിക്കുപോലും പലപ്പോഴും വിങ്ങറുടെ റോളാണ് ലഭിക്കുന്നത്. എല്ലാ ടീമുകളും രണ്ട് മികച്ച വിദേശ സ്ട്രൈക്കര്‍മാരെ ടീമിലെടുത്തു. രണ്ടു സ്ട്രൈക്കര്‍മാര്‍ക്ക് അവസരം ലഭിക്കുന്ന ഫോര്‍മേഷനില്‍ വിദേശതാരങ്ങള്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. എ.ടി.കെ. കൊല്‍ക്കത്ത റോയ് കൃഷ്ണ-ഡേവിഡ് വില്യംസ് സഖ്യത്തെയും കേരള ബ്ലാസ്റ്റേഴ്സ്, ബര്‍ത്തലോമ്യു ഓഗ്ബെച്ച-മെസ്സി ബൗളി സഖ്യത്തെയും കളിപ്പിച്ചത് ഉദാഹരണം. മിക്കടീമുകളും ഏക സ്ട്രൈക്കര്‍ ഫോര്‍മേഷനില്‍ കളിച്ചപ്പോള്‍ ആദ്യ ഇലവനിലും പകരക്കാരനായും വിദേശതാരങ്ങള്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് വിദേശതാരങ്ങളുടെ എണ്ണം നാലായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നതുതന്നെ ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍ക്ക് അവസരം ലഭിക്കുന്നതിനാണ്. ദേശീയ ടീമില്‍ ഛേത്രിയെ മാറ്റിനിര്‍ത്തിയാല്‍ സ്ട്രൈക്കര്‍മാരില്ലാത്ത അവസ്ഥയാണ്.

Content Highlights: ISL 2020 Strikers Performance Sunil Chhetri Football