ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ എഫ്.സി. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാക്കി മൂന്ന് സ്ഥാനങ്ങളിലേക്കായി പോരുമുറുകുന്നു. എ.ടി.കെ. കൊല്‍ക്കത്ത, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിന്‍ എഫ്.സി ടീമുകളാണ് അവസാന നാലിലെത്താന്‍ പൊരുതുന്നത്. ഒഡീഷ എഫ്.സി, ജംഷേദ്പുര്‍ എഫ്.സി. ടീമുകളുടെ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടുമില്ല.
ജോണ്‍ ഗ്രിഗറിയെ പുറത്താക്കി സ്‌കോട്ടിഷ് പരിശീലകന്‍ ഓവന്‍ കോയിലിനെ കൊണ്ടുവന്ന ചെന്നൈയിന്‍ എഫ്.സി.യുടെ കുതിപ്പാണ് ലീഗിനെ സങ്കീര്‍ണമാക്കിയത്. അവസാന അഞ്ച് കളിയില്‍ നാലിലും ജയിച്ച ടീം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈയുടെ മുന്നേറ്റം മുംബൈ സിറ്റിക്കാണ് പ്രധാനമായും ഭീഷണിയുയര്‍ത്തുന്നത്.
16 കളിയില്‍നിന്ന് 33 പോയന്റുമായാണ് ഗോവ പ്ലേ ഓഫിലെത്തിയത്. എ.ടി.കെ. (30), ബെംഗളൂരു എഫ്.സി. (28), മുംബൈ (23) ടീമുകളാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍. 15 വീതം മത്സരങ്ങളാണ് ടീം കളിച്ചത്. ഒരു മത്സരം കുറച്ചുകളിച്ച ചെന്നൈയിന് 21 പോയന്റും. 15 കളിയില്‍നിന്ന് 21 പോയന്റുള്ള ഒഡീഷയും സാധ്യത കൈവിട്ടിട്ടില്ല.
എ.ടി.കെ.കൊല്‍ക്കത്ത, ബെംഗളൂരു എഫ്.സി. ടീമുകള്‍ ഏറക്കുറെ സുരക്ഷിതസ്ഥാനത്താണ്. എന്നാല്‍ നാലാം ടീമിനായി കടുത്തപോരാട്ടം നടക്കും. മുന്‍നിരയിലുള്ള ടീമുകള്‍ അവസാനഘട്ടത്തില്‍ പരസ്പരം കളിക്കുന്നത് നിര്‍ണായകമാകും. പ്രത്യേകിച്ച് ചെന്നൈയിന്‍ എഫ്.സിക്ക്. എ.ടി.കെ, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എന്നിവര്‍ക്കെതിരേ ചെന്നൈയിന് കളിയുണ്ട്. എന്നാല്‍ ലീഗിന്റെ തുടക്കത്തിലുള്ള ചെന്നൈ ടീമില്ല ഇപ്പോള്‍ കളിക്കളത്തിലുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്.സി ടീമുകളുടെ പ്ലേ ഓഫ് പൊലിഞ്ഞു. ഇനിയുള്ള എല്ലാ കളികളിലും ജയിച്ചാല്‍ ജംഷേദ്പുരിന് നേരിയ സാധ്യത നിലനില്‍ക്കും.
വിധിനിര്‍ണയിക്കും പോരാട്ടങ്ങള്‍
ഫെബ്രുവരി 9
ചെന്നൈയിന്‍- ബെംഗളൂരു
ഫെബ്രുവരി 12
എഫ്.സി. ഗോവ- മുംബൈ സിറ്റി
ഫെബ്രുവരി 16
എ.ടി.കെ- ചെന്നൈയിന്‍
ഫെബ്രുവരി 21
മുംബൈ സിറ്റി- ചെന്നൈയിന്‍
ഫെബ്രുവരി 22
ബെംഗളുരു- എ.ടി.കെ
Content Highlights: ISL 2020 Playoffs Football