ഗുവാഹാട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പ്ലേ ഓഫ് സാധ്യത അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസജയത്തിനായി കളത്തില്‍. പരിശീലകന്‍ എല്‍കോ ഷട്ടോറിയുടെ മുന്‍ ക്ലബ്ബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. വെള്ളിയാഴ്ച രാത്രി 7.30-നാണ് കളി.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യോട് 6-3ന് തകര്‍ന്നുപോയതിന്റെ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കാന്‍ ഇറങ്ങുന്നത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ വിദേശതാരം വ്ളാറ്റ്കോ ഡ്രോബറോബ് കളിക്കാനിറങ്ങുന്നത് ടീമിന് ഗുണം ചെയ്യും. ജിയാനി സുയ്വെര്‍ലൂണും പ്രതിരോധത്തിലുണ്ടാകും. കഴിഞ്ഞ കളിയില്‍ ഹാട്രിക് നേടിയ നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചയും മെസ്സി ബൗളിയും അടങ്ങിയ മുന്നേറ്റനിരയില്‍ ടീമിന് പ്രതീക്ഷയുണ്ട്.

മറുവശത്ത് മികച്ച തുടക്കത്തിനുശേഷം തകര്‍ന്ന ടീമാണ് നോര്‍ത്ത് ഈസ്റ്റിന്റേത്. അവസാനത്തെ അഞ്ചു കളിയിലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. നാല് കളിയില്‍ തോല്‍ക്കുകയും ചെയ്തു. പരിക്കുമൂലം ഘാന സൂപ്പര്‍ താരം അസമാവോ ഗ്യാന്‍ ടീം വിട്ടത് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാമതുമാണ്.

Content HighlightsL: ISL 2020 Kerala Blasters vs NorthEast United