കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ജയത്തോടെ പ്രതീക്ഷകാത്ത് ചെന്നൈയിന്‍ എഫ്.സി. ആതിഥേയരായ എ.ടി.കെ. കൊല്‍ക്കത്തയെ 3-1ന് തോല്‍പ്പിച്ചു. റാഫേല്‍ ക്രിവില്ലെറോ(ഏഴ്), ആന്ദ്രെ ഷെംബ്രി (39), നെരിയൂസ് വാല്‍സ്‌കിസ് (90+4) എന്നിവര്‍ ചെന്നൈയിനായും റോയ് കൃഷ്ണ (40) എ.ടി.കെ.ക്കായും സ്‌കോര്‍ ചെയ്തു.

ഈ വിജയം ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷ വര്‍ഝിപ്പിച്ചതോടൊപ്പം കൊല്‍ക്കത്തയുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഐ.എസ്.എല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്നവരാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക.

ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 33 പോയിന്റും എഫ്.സി ഗോവയ്ക്ക് 36 പോയിന്റുമുണ്ട്. ഇനി ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. അവസാന മത്സരത്തില്‍ ഒരു സമനിലയെങ്കിലും നേടിയാണ് ഗോവയ്ക്ക് ലീഗ് ഘട്ടത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്യാം. 

ഈ വിജയത്തോടെ ചെന്നൈയിന് 16 മത്സരങ്ങളില്‍ 25 പോയിന്റായി. ഇപ്പോഴും ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിന്‍. ഫെബ്രുവരി 21-ന് മുംബൈയ്‌ക്കെതിരായ മത്സരം വിജയിച്ചാല്‍ ചെന്നൈയിന് പ്ലേ ഓഫിലേക്ക് മുന്നേറാം. 

Content Highlights: ISL 2020 ATK vs Chennaiyin FC