മുംബൈ: ഐ.എസ്.എല്ലില്‍ ആദ്യ വിജയവുമായി ഒഡീഷ എഫ്.സി. മുംബൈ സിറ്റി എഫ്.സിയെ 4-2ന് തോല്‍പ്പിച്ചാണ് പുതിയ ടീമായ ഒഡീഷ ഐ.എസ്.എല്ലിലെ ആദ്യ വിജയമാഘോഷിച്ചത്. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയ്ക്കായി സ്പാനിഷ് താരം അരിഡെയ്ന്‍ സന്റാന ഇരട്ടഗോള്‍ നേടി. സിസ്‌കോ ഫെര്‍ണാണ്ടസ്, ജെറി എന്നിവരാണ് ഒഡീഷയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. മുംബൈയ്ക്കായി മുഹമ്മദ് ലാര്‍ബിയും ബിപിന്‍ സിങ്ങും ലക്ഷ്യം കണ്ടു. ഈ സീസണില്‍ മുംബൈയുടെ ആദ്യ തോല്‍വിയാണിത്.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ മുംബൈയെ ഞെട്ടിച്ച് ഗോളെത്തി. സ്പിനാഷ് താരങ്ങളുടെ നീക്കത്തിനൊടുവിലാണ് ഗോള്‍. അരിഡെയ്ന്‍ സന്റാനയുടെ അസിസ്റ്റില്‍ സിസ്‌കോ ഹെര്‍ണാണ്ടസ് ലക്ഷ്യം കണ്ടു.

ത്രോ പിടിച്ചെടുത്ത അരിഡെയ്ന്‍ അത് സിസ്‌കോയ്ക്ക് ഹെഡ് ചെയ്ത് നല്‍കി. ഷോട്ട് അടിച്ച സിസ്‌കോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. ഒഡീഷ ഒരു ഗോള്‍ മുന്നില്‍. ഈ സീസണില്‍ മുംബൈ വഴങ്ങുന്ന ആദ്യ ഗോളാണിത്‌.

21-ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. മനോഹരമായ നീക്കത്തിനൊടുവില്‍ അതിലും മനോഹരമായൊരു ഫിനിഷിങ്ങിലൂടെ അരിഡെയ്ന്‍ സന്റാനയാണ് ഗോള്‍ നേടിയത്. സാരംഗും ജെറിയും ചേര്‍ന്ന് നടത്തിയ നീക്കം അരിഡെയ്ന്‍ ലക്ഷ്യത്തിലെത്തിച്ചു. ആദ്യ ഗോളിന് വഴിയൊരുക്കിയതും അരിഡെയ്‌നാണ്‌.

41-ാം മിനിറ്റില്‍ ജെറിയിലൂടെ ഒഡീഷ ലീഡ് മൂന്നാക്കി. ശുഭം സാരംഗിയുടെ ക്രോസ് നന്ദകുമാര്‍ ശേഖര്‍ ഡ്രിബിള്‍ ചെയ്ത് അമരീന്ദര്‍ സിങ്ങിന് കൈമാറി. അമരീന്ദര്‍ സിങ് ബോക്‌സിലേക്ക് അടിച്ച ഷോട്ട് ബാറില്‍ തട്ടി. ആ പന്ത് ബോക്‌സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജെറിയുടെ കാലിലെത്തി. ഒട്ടും സമയം പാഴാക്കാതെ ജെറി വല ചലിപ്പിച്ചു.

51-ാം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മുംബൈയുടെ ആദ്യ ഗോള്‍ നേടി. എന്നാല്‍ 72-ാം മിനിറ്റില്‍ ഒഡീഷ നാലാം ഗോള്‍ നേടി. അരിഡെയ്ന്‍ സന്റാന വീണ്ടും വല ചലിപ്പിച്ചു. ഇതോടെ 4-1ന് ഒഡീഷ വിജയമുറപ്പിച്ചു. പിന്നീട് ഇഞ്ചുറി െൈടമില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് മുംബൈ താരം ബിപിന്‍ സിങ്ങ് ലക്ഷ്യം കണ്ടു. പക്ഷേ മുംബൈയുടെ വിജയത്തിന് അതു മതിയാകുമായിരുന്നില്ല. ഒടുവില്‍ 4-2ന് ഒഡീഷ ആദ്യ വിജയമാഘോഷിച്ചു.

തത്സമയ വിവരണങ്ങള്‍ വായിക്കാം (അപ്‌ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)

 

 

Content HIGHLIGHTS: ISL 2019 Mumbai City vs Odisha Live Blog