കൊച്ചി: സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പടിക്കല്‍ കലമുടച്ചു. ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ ഗോവയോട് സമനില. 92-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ ഷോട്ട് ഗോളി രഹ്നേഷിനേയും മറികടന്ന് വലയിലെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചു. ബ്ലാസ്റ്റേഴ്‌സ്-2, ഗോവ-2. 53-ാം മിനിറ്റ് മുതല്‍ പത്ത് പേരുമായാണ് ഗോവ കളിച്ചതെന്നുകൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം. 

രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് കളി കൈവിട്ടത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് സന്ദര്‍ശകരെ ഞെട്ടിച്ചു. രാജു ഗെയ്ക്വാദിന്റെ ത്രൂ പാസ് ഹാഫ് വോളിയിലൂടെ സിഡോ വലയിലെത്തിച്ചു. ഗോവയുടെ ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. ബ്ലാസ്‌റ്റേഴ്‌സ്-1,ഗോവ-0.

പിന്നീട് 41 മിനിറ്റു വരെ ഗോവ സമനില ഗോളിനായി കാത്തിരുന്നു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസില്‍ നിന്ന് മുര്‍താദ സെറിഗിന്‍ ഫാളിന്റെ ഒന്നാന്തരമൊരു ഹെഡ്ഡര്‍. ബ്ലാസ്‌റ്റേഴ്‌സ്-1, ഗോവ-1.

എന്നാല്‍ 51-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡെടുത്തു. മലയാളി താരം പ്രശാന്തിന്റെ ക്രോസില്‍ ്‌നിന്ന് മെസ്സി ബൗളിയുടെ ഗോള്‍. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ ഗോള്‍. സ്‌കോര്‍: 2-1. രണ്ട് മിനിറ്റിനുള്ളില്‍ ഗോവയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. ഒഗ്ബച്ചെയെ ഫൗള്‍ ചെയ്ത പ്രതിരോധ താരം മുര്‍താദ ഫാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ ഗോവ പത്ത് പേരിലേക്ക് ചുരുങ്ങി.

പക്ഷേ ഗോവയുടെ പോരാട്ടവീര്യം അണഞ്ഞിരുന്നില്ല. ഗോളി ടി പി രഹ്നേഷ് തടുത്തിട്ട പന്ത് നേരെ വന്നത് ബോക്സിന് തൊട്ടുമുന്നിലുള്ള ലെനി റോഡ്രിഗസിന്റെ കാലിലേക്ക്. ലെനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. പന്ത് നേരെ വലയിലേക്ക്. ബ്ലാസ്‌റ്റേഴ്‌സ്-2, ഗോവ-2. 

ആറു കളികളില്‍ നിന്ന് ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണ്. ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള അവര്‍ എട്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയ ഒരൊറ്റ ജയം മാത്രമാണ് കേരള ടീമിന്റെ അക്കൗണ്ടിലുള്ളത്. 

kerala blasters
ബ്ലാസ്റ്റേഴ്സ് താരം മെസ്സി സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍ ആഘോഷിക്കുന്നു   ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
kerala blasters
ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ ടിപി രഹനേഷിന്റെ നിരാശ   ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം

Content Highllights: ISL 2019 Kerala Blasters vs FC Goa