ചെന്നൈ: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊല്‍ക്കത്ത മുന്നില്‍. ചെന്നൈയിന്‍ എഫ്.സിയെ അവരുടെ ഗ്രൗണ്ടില്‍ ഒരൊറ്റ ഗോളിന് കൊല്‍ക്കത്ത തോല്‍പ്പിച്ചു. ഡേവിഡ് വില്ല്യംസ് ആണ് ഗോള്‍ സ്‌കോറര്‍. ഇതോടെ ആറു പോയിന്റുമായി കൊല്‍ക്കത്ത പട്ടികയില്‍ ഒന്നാമതെത്തി.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. തുടര്‍ന്ന് 48-ാം മിനിറ്റില്‍ കൊല്‍ക്കത്ത വിജയഗോള്‍ നേടി. അഗസ്റ്റിന്‍ ഇനിഗ്യൂസ് തുടക്കമിട്ട ഗോളിലേക്കുള്ള വഴി ഓസ്‌ട്രേലിയന്‍ താരമായ ഡേവിഡ് വില്ല്യംസ് പൂര്‍ത്തിയാക്കുകയായിരുന്നു. 

അഗസ്റ്റിന്‍ ഇനിഗ്യൂസിന്റെ ഡയഗണല്‍ ബോള്‍ പ്രബീര്‍ ദാസ് കളക്ട് ചെയ്തു. തുടര്‍ന്ന് ബോക്സിലേക്ക് ഓടിക്കയറിയ പ്രബീര്‍ ദാസ് ആ പന്ത് ഹാവിയര്‍ ഹെര്‍ണാണ്ടസിന് കൊടുത്തു. എന്നാല്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ചെന്നൈയിന്റെ സെന്‍ട്രല്‍ ബാക്ക് ലൂസിയന്‍ ബ്ലോക്ക് ചെയ്തു. പക്ഷേ പന്ത് ചെന്നെത്തിയത് ഡേവിഡ് വില്ല്യംസിന്റെ കാലിലാണ്. ഒട്ടും സമയം പാഴാക്കാതെ വില്ല്യംസ് പന്ത് വലയിലെത്തിച്ചു. 

പിന്നീട് ചെന്നൈയിന്‍ ഗോള്‍ തിരിച്ചടിക്കാനായി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ഒമ്പതും കൊല്‍ക്കത്ത നാലും ഷോട്ടുകള്‍ അടിച്ചു. 14-ാം മിനിറ്റില്‍ കൊല്‍ക്കത്ത പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനവുദിച്ചില്ല.

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. അതേസമയം ചെന്നൈയിന് ഇതുവരെ വിജയിക്കാനായിട്ടില്ല. രണ്ടു തോല്‍വിയും ഒരു സമനിലയുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 

തത്സമയ വിവരണങ്ങള്‍ വായിക്കാം (അപ്ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)

 

 

 

Content Highlights: ISL 2019 Chennaiyin FC vs ATK Live Blog