പുനെ: ഐ.എസ്.എല്ലില്‍ വീണ്ടും സമനില. കൊല്‍ക്കത്തയെ ഒഡിഷ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പുണെ ബലെവാടി സ്‌റ്റോഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 

തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടായിരുന്നു എടികെ കളത്തിലിറങ്ങിയത്. എന്നാല്‍ ഒഡിഷയുടെ പ്രതിരോധ മതില്‍ പൊളിക്കാനായില്ല. ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ അവസരം ലഭിച്ചിരുന്നു. 

തുടക്കത്തില്‍ തന്നെ സന്റാനയിലൂടെ കൊല്‍ക്കത്ത ഒഡിഷയെ വിറപ്പിച്ചു. പിന്നാലെ ഡേവിഡ് വില്ല്യംസും ഗോളിനായി ശ്രമിച്ചെങ്കിലും ഒഡിഷയുടെ ഗോള്‍കീപ്പര്‍ തടുത്തിട്ടു. 

37-ാം മിനിറ്റില്‍ ഒഡിഷക്ക് അര്‍ഹമായ പെനാല്‍റ്റി നിഷേധിക്കുന്നതിനും കാണികള്‍ സാക്ഷിയായി. ബോക്‌സില്‍ സാരംഗിയെ സൂസൈരാജ് വീഴ്ത്തുകയായിരുന്നു. എന്നാല്‍ റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 

നിലവില്‍ അഞ്ചു മത്സരങ്ങളില്‍ 10 പോയിന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ ഒരു വിജയം മാത്രം അക്കൗണ്ടിലുള്ള ഒഡിഷ ആറാം സ്ഥാനത്താണ്.

Content Highlights: ISL 2019 ATK vs Odisha