ഗുവാഹത്തി: ഐ.എസ്.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്.സി. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

മുംബൈക്കായി അമിനെ ചെര്‍മിറ്റി ഇരട്ട ഗോളുകള്‍ നേടി. ഗുവാഹത്തിയിലെ ഇന്ദിരാഗന്ധി സ്റ്റേഡിയത്തില്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നാണ് മൂന്നു ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ട്രിയാഡിസിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. മുംബൈ ഡിഫന്‍ഡര്‍ സൗവിക് ചക്രബര്‍ത്തിക്ക് സംഭവിച്ച പിഴവില്‍ നിന്ന് പന്ത് ലഭിച്ച ട്രിയാഡിസ് ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത ഷോട്ട് മുംബൈ വലയിലെത്തി.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച മുംബൈ 22-ാം മിനിറ്റില്‍ ചെര്‍മിറ്റിയിലൂടെ സമനില ഗോള്‍ കണ്ടെത്തി. ലാര്‍ബി, സോഗു സഖ്യത്തിന്റെ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 32-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും സുന്ദരമായ ഗോള്‍ വന്നത്. മഷാഡോയുടെ ഫ്രീകിക്ക് പ്രതിരോധിക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ ഉഗ്രനൊരു ബൈസിക്കിള്‍ കിക്കിലൂടെ ചെര്‍മിറ്റി പന്ത് വലയിലെത്തിച്ചു, മുംബൈ മുന്നില്‍.

എന്നാല്‍ ആ ലീഡ് അധിക നേരം നിലനിര്‍ത്താന്‍ മുംബൈക്ക് സാധിച്ചില്ല. ഇത്തവണയും പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. 42-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മഷാഡോയില്‍ നിന്ന് പന്ത് കൈക്കലാക്കിയ അസമാവോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയത്തിനായി പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇതിനിടെ 68-ാം മിനിറ്റില്‍ മുംബൈക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന ഒരു പെനാല്‍റ്റി റഫറി അനുവദിച്ചതുമില്ല.

അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഗോവയെ മറികടന്ന് നാലാമതെത്തി. അഞ്ചു പോയന്റ് മാത്രമുള്ള മുംബൈ ഏഴാം സ്ഥാനത്താണ്.

Content Highlights: ISL 2019-20 NorthEast United, Mumbai City match ends in draw