മുംബൈ: ഐ.എസ്.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി എഫ്.സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ആക്രമണ ഫുട്‌ബോള്‍ വിടാത്ത ഗോവ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

27-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ലെന്നി റോഡ്രിഗസിലൂടെ ഗോവ മുന്നിലെത്തി. 45-ാം മിനിറ്റില്‍ ഗോവയുടെ ഗോളടിയന്ത്രം ഫെറാന്‍ കോറോമിനാസ് അവരുടെ ലീഡുയര്‍ത്തി.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ വമ്പന്‍ തിരിച്ചുവരവ് നടത്തി. ഏഴു മിനിറ്റിനിടെ സാര്‍ഥക്കും സൗവിക് ചക്രബര്‍ത്തിയും സ്‌കോര്‍ ചെയതപ്പോള്‍ മുംബൈ 2-2 ന് ഒപ്പമെത്തി.

പക്ഷേ 59-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ലീഡ് തിരിച്ചുപിടിച്ചു. 89-ാം മിനിറ്റില്‍ കാര്‍ലോസ് പെന ഗോവയുടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു. ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് 8 പോയന്റുമായി ഗോവ ലീഗില്‍ ഒന്നാമതെത്തി.

Content Highlights: ISL 2019-20 Mumbai City FC lost to FC Goa