മുംബൈ: സ്വന്തം മൈതാനമായ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ ജംഷേദ്പുര്‍ എഫ്.സിയെ പരാജയപ്പെടുത്തിയ (2-1) മുംബൈ സിറ്റി എഫ്.സി പ്ലേ ഓഫ് സാധ്യത സജീവമാക്കി.

ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ച മത്സരം ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ബിദ്യാനന്ദ സിങ്ങാണ് മുംബൈക്ക് അനുകൂലമാക്കിയത്. ജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 26 പോയന്റോടെ നാലാം സ്ഥാനത്ത് തുടരാനും മുംബൈക്കായി.

മുംബൈ ഫുട്‌ബോള്‍ അരീനയെ ഞെട്ടിച്ച് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ജംഷേദ്പുരാണ് ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റിയിലൂടെ അക്കോസ്റ്റയാണ് അവരുടെ ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതി ജംഷേദ്പുരിന്റെ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചു. 

എന്നാല്‍ 60-ാം മിനിറ്റില്‍ അമിനെ ചെര്‍മിട്ടിയിലൂടെ സമനില പിടിച്ച മുംബൈ, ഇന്‍ജുറി ടൈമില്‍ വിജയഗോളും കണ്ടെത്തി. ഇതോടെ 15 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള ജംഷേദ്പുരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

Content Highlights: ISL 2019-20 Mumbai City beats Jamshedpur FC 2-1