ജംഷേദ്പുര്‍: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. 87-ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍ കേരളത്തിന്റെ വിധിയെഴുതി. 50-ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കു ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലേറെ 10 പേരുമായാണ് കേരളം കളിച്ചത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങി. 

11-ാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സുബ്രതോ പോളിന് സംഭവിച്ച പിഴവ് മുതലെടുത്ത് മെസ്സി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റില്‍ അക്കോസ്റ്റയിലൂടെ ജംഷേദ്പുര്‍ ഒപ്പമെത്തി. 

50-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയെങ്കിലും ഓഗ്‌ബെച്ചെയുടെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് 56-ാം മിനിറ്റില്‍ ലീഡെടുത്തു. ഹെഡറിലൂടെയായിരുന്നു ഗോള്‍. 

പിന്നാലെ ബോക്‌സില്‍ വെച്ച് മെസ്സിയുടെ കൈയില്‍ പന്ത് തട്ടിയതിന് ബ്ലാസ്‌റ്റേഴ്‌സിനെതിരായ പെനാല്‍റ്റി തീരുമാനം വന്നു. കിക്ക് വലയിലെത്തിച്ച് സെര്‍ജിയോ കാസ്‌റ്റെല്‍ ജംഷേദ്പുരിനെ വീണ്ടും ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍. 

ഇതോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കേരളം എട്ടാം സ്ഥാനത്തേക്ക് വീണു.  

Content Highlights: isl 2019-20 kerala blasters vs jamshedpur fc