കൊച്ചി: ഈ സീസണിലെ കടങ്ങളും കലിപ്പടക്കലും ബാക്കി, സ്വന്തം മൈതാനത്ത് ചെന്നൈയോട് നാണംകെട്ട തോല്‍വി വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ബ്ലാസ്‌റ്റേഴ്‌സിന് ഒരു പ്രതിരോധ നിരയുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു ശനിയാഴ്ച നടന്ന മത്സരം.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നിഷ്പ്രഭരാക്കിയ ചെന്നൈയിന്‍ എഫ്.സി മൂന്നിനെതിരേ ആറു ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്. റാഫേല്‍ ക്രിവെല്ലാരോ, നെരിയൂസ് വാല്‍സ്‌കിസ്, ലാലിയന്‍സുവാല ചാങ്‌തെ എന്നിവര്‍ ചെന്നൈയിനായി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കേരളത്തിന് ആശ്വസിക്കാന്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ ഹാട്രിക്ക് മാത്രം.

പന്തടക്കത്തിലെ ആധിപത്യം ഗോളുകള്‍ സൃഷ്ടിക്കില്ലെന്ന് ചെന്നൈയിന്‍, ബ്ലാസ്റ്റേഴ്‌സിന് മനസിലാക്കിക്കൊടുത്തു. ആദ്യ പകുതിയില്‍ പന്തിന്‍മേല്‍ ആധിപത്യം പുലര്‍ത്തിയ കേരളത്തെ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് മൂന്നു ഗോളടിച്ച് ചെന്നൈയിന്‍ ഞെട്ടിച്ചു. ആറു മിനിറ്റിനിടെയായിരുന്നു ഈ മൂന്നു ഗോളുകള്‍.

39-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന്റെ മണ്ടന്‍ തീരുമാനത്തില്‍ നിന്നാണ് ബ്രസീല്‍ താരം റാഫേല്‍ ക്രിവെല്ലാരോ ആദ്യ ഗോള്‍ നേടുന്നത്. മൈനസ് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യാതെ രഹനേഷ് നല്‍കിയ അലസമായ പാസ് എത്തിപ്പിടിച്ച ക്രിവെല്ലാരോ പന്ത് അനായാസമായി വലയിലെത്തിച്ചു.

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുംമുമ്പേ 45-ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നു. നെരിയൂസ് വാല്‍സ്‌കിസിനെ മാര്‍ക്ക് ചെയ്യുന്നതില്‍ കേരള പ്രതിരോധം കാട്ടിയ അലസത മുതലെടുത്തായിരുന്നു ഗോള്‍. ആദ്യ പകുതിയുടെ അധികസമയത്തു തന്നെ മൂന്നാം ഗോളും വന്നു. അനിരുദ്ധ് ഥാപ്പയുടെ പാസില്‍ നിന്ന് ക്രിവെല്ലാരോ തന്റെ രണ്ടാം ഗോള്‍ നേടി.

മൂന്നു ഗോളിന്റെ കടത്തില്‍ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. 48-ാം മിനിറ്റില്‍ ജെസ്സലിന്റെ ഷോട്ട്  ഓഗ്‌ബെച്ചെ അവിശ്വസനീയമായി വലയിലെത്തിച്ചു. എന്നാല്‍ 59-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചപ്പോള്‍ ചാങ്‌തെ ചെന്നൈയിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി. 

65-ാം മിനിറ്റില്‍ സിഡോ നല്‍കിയ പാസില്‍ നിന്ന് ഓഗ്‌ബെച്ചെ തന്റെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും രണ്ടാം ഗോള്‍ നേടി. 76-ാം മിനിറ്റില്‍ ഉഗ്രനൊരു ഹെഡറിലൂടെ ഹാട്രിക്ക് തികച്ച ഓഗ്‌ബെച്ചെ ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയാണെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 80-ാം മിനിറ്റില്‍ പ്രതിരോധം വീണ്ടും നോക്കുകുത്തിയായപ്പോള്‍ ചാങ്‌തെ ചെന്നൈയിന്റെ ഗോള്‍ നേട്ടം അഞ്ചാക്കി. പിന്നാലെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ വാല്‍സ്‌കിസ് ചെന്നൈയിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ നാലാം ജയത്തോടെ 14 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയ ചെന്നൈയിന്‍ പ്ലേ ഓഫ് സ്വപ്‌നം സജീവമാക്കി. മറുവശത്ത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 15 കളികളില്‍നിന്ന് 14 പോയന്റുമായി എട്ടാം സ്ഥാനത്താണ്.

Content Highlights: isl 2019-20 kerala blasters vs chennaiyin fc